ഗള്‍ഫ് മേഖലയുടെ സുരക്ഷ ശക്തിപ്പെടുത്തേണ്ടതിന്റെയും മേഖലയിലെ സംഘര്‍ഷം കുറയ്‌ക്കേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഖത്തര്‍ വിദേശകാര്യ മന്ത്രി
അമാനുല്ല വടക്കാങ്ങര
ദോഹ. ഗള്‍ഫ് മേഖലയുടെ സുരക്ഷ ശക്തിപ്പെടുത്തേണ്ടതിന്റെയും മേഖലയിലെ സംഘര്‍ഷം കുറയ്‌ക്കേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി. ആണവ കരാറുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ ഖത്തര്‍ എപ്പോഴും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയാനുമായി ഞായറാഴ്ച ടെഹ്റാനില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അടിവരയിട്ടത്. ഇറാനുമായുള്ള സാമ്പത്തിക, വ്യാപാര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങള്‍ക്കും പൊതുവായ പല സ്വഭാവ സവിശേഷതകളുമുണ്ടെന്നും പരസ്പര സ്‌നേഹ ബഹുമാനങ്ങള്‍ നിലനിര്‍ത്തി ഊഷ്മളമായ ബന്ധമാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ എല്ലാ രാജ്യങ്ങളുമായും ബന്ധം ശക്തിപ്പെടുത്താന്‍ ഖത്തര്‍ എപ്പോഴും പരിശ്രമിക്കുന്നുണ്ട്.
ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിലും അന്താരാഷ്ട്ര നിയമത്തിന്റെ സ്ഥാപിത തത്ത്വങ്ങളിലും ഖത്തറിന്റെ നിലപാടും താല്‍പ്പര്യവും അദ്ദേഹം സ്ഥിരീകരിച്ചു, അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കാനുള്ള ചാര്‍ട്ടറിന് കീഴിലുള്ള ബാധ്യതകള്‍, രാജ്യങ്ങളുടെ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക സമഗ്രത എന്നിവയോടുള്ള പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.