ഇറാനിലെ ഭൂകമ്പം ഖത്തറിന് ഭീഷണിയല്ല: ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ. തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പം ഖത്തറിന് ഭീഷണിയല്ലെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ക്യുസിഎഎ) സ്ഥിരീകരിച്ചു.
ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് (ക്യുഎന്‍എ) നല്‍കിയ പ്രത്യേക പ്രസ്താവനയില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ഖത്തര്‍ സീസ്മിക് നെറ്റ്വര്‍ക്കിലെ ഉദ്യോഗസ്ഥന്‍ ഇബ്രാഹിം ഖലീല്‍ അല്‍ യൂസഫ്, ഈ മേഖലയിലും സാഗ്രോസ് പര്‍വതനിരകളിലും ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് ഇറാനിയന്‍ പ്ലേറ്റും അറേബ്യന്‍ പ്ലേറ്റും തമ്മിലുള്ള ടെക്റ്റോണിക് ചലനങ്ങളുടെ ഫലമാണെന്ന് വിശദീകരിച്ചു.
ഇത്തരം ഭൂകമ്പങ്ങള്‍ ഖത്തറിന് ഒരു അപകടത്തെയും പ്രതിനിധീകരിക്കുന്നില്ലെന്നും റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഖത്തറിനുള്ളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെടുന്നില്ലെന്നും അല്‍ യൂസഫ് ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉറപ്പുനല്‍കി.