ഖത്തറിന്റെ സിനിമാ വ്യവസായം ലോക നിലവാരത്തിലേക്കുയരുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ സിനിമാ വ്യവസായം ലോക നിലവാരത്തിലേക്കുയരുന്നതായും ദേശീയ പ്രതിഭകളും കലാകാരന്മാരും സര്‍ഗ്ഗാത്മക തരംഗം സൃഷ്ടിക്കുകയാണെന്നും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ഫാത്വിമ ഹസ്സന്‍ അല്‍ റുമൈഹി അഭിപ്രായപ്പെട്ടു. രാജ്യത്തെ ക്രിയേറ്റീവ് കമ്മ്യൂണിറ്റിക്കായി നടന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റമദാന്‍ ഗബ്കയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തങ്ങളുടെ പ്രാഗത്ഭ്യം, ആഖ്യാനം, വ്യതിരിക്തമായ ചലച്ചിത്രനിര്‍മ്മാണ രീതികള്‍ എന്നിവയിലൂടെ ലോകത്തെ ചലിപ്പിക്കുന്ന ഖത്തറി പ്രതിഭകളുടെ കലാപരമായ പരിശ്രമങ്ങളെ പരിപോഷിപ്പിക്കുന്നതിന് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിജ്ഞാബദ്ധമാണെന്ന് അവര്‍ പറഞ്ഞു.
”ഖത്തറിലെ അഭിവൃദ്ധി പ്രാപിക്കുന്ന ചലച്ചിത്ര, സര്‍ഗ്ഗാത്മക വ്യവസായത്തെ ആഘോഷിക്കാനാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്. ഖത്തറിലെ സ്വദേശീയ പ്രതിഭകളാണ് മാറ്റത്തിന്റെ തരംഗത്തിന് നേതൃത്വം നല്‍കിയത്, നിങ്ങളുടെ അര്‍പ്പണബോധത്തിലൂടെയും അഭിനിവേശത്തിലൂടെയും സര്‍ഗ്ഗാത്മക വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്, ”റുമൈഹി ചലച്ചിത്ര പ്രവര്‍ത്തകരോടും കലാകാരന്മാരോടും അതിഥികളോടും പറഞ്ഞു.