രാജീവ് ഗാന്ധി -അകാലത്തില്‍ അസ്തമിച്ച ക്രാന്തദര്‍ശിയായ ഭരണാധികാരി
ജോണ്‍ ഗില്‍ബര്‍ട്ട്
21 മെയ് 1991 രാജീവ് ഗാന്ധിയുടെ ധീര രക്തസാക്ഷിത്വദിനം
20 ആഗസ്റ്റ് 1944 ന് ജനിച്ച് നാല്പതാം വയസ്സില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി .
നാല്പത്തി ആറാം വയസ്സില്‍ ശ്രിപെരുമ്പത്തൂരിന്റെ മണ്ണില്‍ വീര രക്തസാക്ഷിത്വം വരിച്ചീട്ട് ഇന്നേയ്ക്ക് 32 വര്‍ഷം തികയുന്നു.
നവഭാരത ശില്പി ജവര്‍ഹലാല്‍ നെഹ്രുവിന്റെ കൊച്ചുമകനും , ഇന്ദിരാ പ്രീയദര്‍ശിനിയുടെ പ്രീയപുത്രനും, രാഹൂല്‍ഗാന്ധിയുടെ പിതാവുമായ രാജീവ് ഗാന്ധി വധിക്കപ്പെട്ടതിലൂടെ രാജ്യത്തിന് നഷ്ടപ്പെട്ടത് ദീര്‍ഘവീക്ഷണവും , ഇച്ചാശക്തിയുമുള്ള ആധുനിക ഭാരത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് നല്കിയ ക്രാന്തദര്‍ശിയും ,ധീഷണാശാലിയുമായ ഒരു ഭരണാധികാരിയെയാണ്.
ശ്രിപെരുംമ്പത്തൂരിന്റെ മണ്ണില്‍ പൊലിഞ്ഞത് ഈ രാജ്യത്തെ ലക്ഷോപലക്ഷം വരുന്ന യുവാക്കളുടെ സ്വപ്നങ്ങളാണ് .
രാജ്യത്തെ യുവജനശക്തി വികസിപ്പിച്ച് സമസ്ത മേഖലകളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി ലോകത്തിലെ പ്രധാന ശക്തിയായി ഭാരതത്തെ പടുത്തുയര്‍ത്തുക എന്ന സ്വപ്നമാണ് ചിന്നിചിതറി നിണം വാര്‍ന്ന് ബലികഴിക്കപ്പെട്ടത്.
അയല്‍ രാജ്യത്തെ വിഘടനവാദികളും, കലാപകാരികളും ചേര്‍ന്നു നടത്തുന്ന അഭ്യന്തരയുദ്ധംമൂലം,
ഭാരതത്തിന്റെ അഖണ്ഡതയ്കും കെട്ടുറപ്പിനും ഭീഷണിയായി മാറുന്ന ബാഹ്യശക്തികളുടെ ഇടപെടലുകളെ തടയാനുള്ള നീക്കങ്ങളും ,വിഘടിത ശക്തികളെ പ്രതിരോധിക്കാനെടുത്ത നടപടികളിലും രോഷം പൂണ്ടവരാണ് രാജീവ് ഗാന്ധിയെ ഇല്ലായ്മ ചെയ്തത്.
മഹത്തായ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍ സ്വന്തം ജീവനുകള്‍ ബലികൊടുത്ത് ഒരു കുടുംബത്തില്‍ നിന്ന് രക്തസാക്ഷികളായ അമ്മയും, മകനും , ആധുനിക ലോക രാഷ്ട്രീയ ചരിത്രത്തില്‍ ഗാന്ധി കുടുംബത്തിലല്ലാതെ മറ്റെവിടേയും കാണുമെന്ന് തോന്നുന്നില്ല.
വിവരസാങ്കേതികരംഗത്തും, ശാസ്ത്ര സാങ്കേതിരംഗത്തും ,വാര്‍ത്താവിനിമയ സാങ്കേതി വിപ്ലവത്തിലും ഇന്ന് ഇന്ത്യയെ വികസിത രാജ്യങ്ങളുടെ മുന്‍ നിരയിലെത്തിച്ചത് രാജീവ് ഗാന്ധിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളുടേയും, പദ്ധതികളുടെയും ഫലമാണ്.
കംപ്യൂട്ടറും, മൊബൈല്‍ ഫോണുകളുമുള്‍പ്പെടെ എല്ലാ ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങളും ആഡംബര വസ്തുക്കളുടെ പട്ടികയില്‍നിന്നും ആവശ്യവസ്തുക്കളുടെ പട്ടികയിലേക്ക് മാറുകയും അതെല്ലാം സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് വരെ പ്രാപ്യമായ നിലയിലേയ്ക് ഇന്ന് എത്തുകയും ചെയ്ത വന്‍ സാങ്കേതി വിപ്ളവത്തിന് നാന്ദി കുറിച്ചത് രാജീവ് ഗാന്ധിയുടെ കാലത്താണ്.
പ്രസിദ്ധമായ കൂറുമാറ്റ നിരോധന നിയമവും, സത്രീധന നിരോധന നിയമവും,ആന്റി ഡിഫമേഷന്‍ ബില്ലും രാജീവ് ഗാന്ധിയുടെ ഭരണത്തിലെ പ്രധാന നേട്ടങ്ങളില്‍ ചിലതാണ്.
പ്രത്യേക വകുപ്പുകള്‍ രൂപീകരിച്ച്,വാര്‍ത്ത വിനിമയ സാങ്കേതീക വിപ്ലവത്തിനും,ശാസ്ത്ര സാങ്കേതി , വിവര സാങ്കേതീക വികസനത്തിനും വേണ്ടി വന്‍ പദ്ധതികള്‍ക്ക് തുടക്കമിട്ടതും രാജീവ് ഗാന്ധിയുടെ ഭരണ കാലത്തായിരുന്നു.
തൊഴിലില്ലാത്ത യുവാള്‍ക്കായി സ്വയം തൊഴില്‍ കണ്ടെത്താനുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം കൊടുത്തത് അദ്ദേഹമായിരുന്നു.വിവിധ ഗ്രാമീണ തൊഴില്‍ദാന പദ്ധതികളിലൂടെ രാജ്യത്തെ സാധാരണക്കാരുടെ ദാരിദ്ര്യ നിര്‍മ്മാജ്ജനത്തിനായുള്ള അനേകം ധന സഹായ പദ്ധതികളാണ് ശ്രീ രാജീവ്ഗാന്ധിയുടെ കാലത്ത് ആരംഭിച്ചത്.
കാര്‍ഷീക രംഗത്തേയും , വ്യവസായ രംഗത്തേയും പുത്തന്‍ സാങ്കേതിക വിദ്യകളുപയോഗിച്ച് വികസിപ്പിക്കുവാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടത് രാജീവ്ഗാന്ധിയുടെ ഭരണ കാലത്തായിരുന്നു.
ലോകത്തിലെ മറ്റു വികസിത രാജ്യങ്ങളോടൊപ്പം ഇന്ത്യയെ എത്തിക്കുന്നതിന് നൂതന സാങ്കേവിദ്യകളുപയോഗിച്ചുള്ള ഉല്പാദനങ്ങളിലൂടേയും,സേവനങ്ങളിലൂടേയും മാത്രമെ കഴിയൂ എന്ന് മനസ്സിലാക്കിയുള്ള പദ്ധതികളും പരിപാടികളും ആവിഷ്കരിച്ചത് അകാലത്തില്‍ വീരചരമമടഞ്ഞ ഇന്ദിരാജിയുടെ പ്രീയ പുത്രനായിരുന്നു.
അത്തരം പദ്ധതികളുടെ പേരുകള്‍ മാറ്റി സ്വന്തം പദ്ധതികളായി അവതരിപ്പിച്ച് കയ്യടി നേടുന്ന കാഴ്ചയാണ് ഇന്നത്തെ പല ഭരണത്തിലും നാം കണ്ടുകൊണ്ടിരിക്കുന്നത്.തന്റെ വിദേശ നയത്തിന്റെ ഭാഗമായി,ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണാധികാരി എന്ന നിലയില്‍ തന്റെ ദര്‍ശനങ്ങളിലൂടെ ഇന്ത്യയെ മറ്റു വന്‍ ശക്തികളോടൊപ്പം മുന്‍ നിരയില്‍ കൊണ്ടു വന്ന് ഒരു പുതിയ ലോക ക്രമത്തിനായി പരിശ്രമിച്ച ഒരു ദാര്‍ശനീകന്‍ കൂടിയായിരുന്നു രാജീവ് ഗാന്ധി.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഇന്ത്യ യുവാക്കളുടേതാണെന്നും,ഇന്ത്യയുടെ യുവത്വം മറ്റ് വന്‍ ശക്തികളൊടൊപ്പം നില്കുന്ന തുല്യശക്തിയായി ഇന്ത്യയെ മാറ്റുമെന്നും തന്റെ ദര്‍ശനങ്ങളുടെ പിന്‍ബലത്തോടെ സ്വപ്നംകണ്ട കോണ്‍ഗ്രസ്സ് നേതാവായിരുന്നു രാജീവ് ഗാന്ധി.
സാമ്പത്തീകരംഗത്തെ ഉദാരവല്‍ക്കരണ നയത്തിന് തുടക്കം കുറിച്ച് , രാജ്യത്തിന്റെ ഉല്പാദന മേഖലയ്ക് കുതിപ്പ് നല്കി വന്മാറ്റങ്ങള്ക്ക് വഴിവെച്ച വ്യവസായിക സാമ്പത്തീകമുന്നേറ്റത്തിന് തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയുടെ വികസന സ്വപ്നങ്ങളുടേയും,ദീര്‍ഘവീക്ഷണത്തിന്റേയും നിതാന്ത ദൃഷ്ടാന്തങ്ങളാണ്.
വിപ്ളവകരമായ മാറ്റങ്ങളിലൂടെ , നയങ്ങളിലൂടെ ശാസ്ത്ര സാങ്കേതിക വാര്‍ത്താവിനിമയ , ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ നടത്തിയ കുതിച്ചു ചാട്ടങ്ങള്‍ക്കും അസൂയാര്‍ഹമായ വളര്‍ച്ചയ്കും കാരണഭൂതനായ രാജീവ് ഗാന്ധിയോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു.
ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഈ സംഭാവനകള്‍ ഭാരതം എക്കാലത്തും ഓര്‍മ്മിക്കും.ക്രാന്തദര്‍ശിയായ ആ ഭരണാധികാരിയുടെ ധീര രക്തസാക്ഷിത്വത്തിന് മുന്പില് പ്രണാമമര്‍പ്പിക്കുന്നു.