ആയിരങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശമായി ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കുവേണ്ടി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റിയും ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പത്തൊന്‍പതാമത് ഏഷ്യന്‍ മെഡിക്കല്‍ കേമ്പ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. ആയിരങ്ങള്‍ക്ക് ആശ്വാസമായും പ്രതീക്ഷയായും മികച്ച രീതിയില്‍ ക്യാമ്പ് സംഘടിപ്പിച്ച സംഘാടകര്‍ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി.
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ക്യാമ്പിലെത്തിയ നൂറുകണക്കിന് പേരെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് സി.ഐ.സിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ ഒരുക്കിയത്. അത്യാധുനിക സൗകര്യങ്ങളുള്ള ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ നിരവധി ഡോക്ടര്‍മാരാണ് രോഗികളെ പരിശോധിച്ചത്. വിപുലമായ ക്ലിനിക്കല്‍ പരിശോധനാ സൗകര്യങ്ങളും സൗജന്യമരുന്നു വിതരണവും ക്യാമ്പിനെ വ്യതിരിക്തമാക്കി.
രാവിലെ 9 മണിക്ക് നടന്ന ഉദ്ഘാടനപരിപാടി ഖത്തറിലെ വിവിധ മന്ത്രാലയ പ്രതിനിധികളുടെയും വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുടെയും ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഖത്തര്‍ ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയുടെ മേല്‍നോട്ടത്തിലാണ് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
സാമൂഹ്യ-സാംസ്‌കാരിക-ആരോഗ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ഓപറേഷന്‍സ് എക്സി. ഡയറക്ടര്‍ ഡോ. സാമിയ അഹ്‌മദ് അല്‍അബ്ദുല്ല ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രതിരോധമാണ് ചികിത്സയേക്കാള്‍ പ്രധാനമെന്ന അടിസ്ഥാന തത്വത്തിലൂന്നിയുള്ള മാതൃകാപരമായ സേവനമാണ് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിലൂടെ നിര്‍വഹിക്കപ്പെടുന്നതെന്ന് അവര്‍ പറഞ്ഞു. ആരോഗ്യ രംഗത്തെ ബോധവത്കരണത്തിനും ആധുനിക ജീവിത ശൈലീരോഗങ്ങള്‍ കൊ്ണ്ട് പ്രയാസപ്പെടുന്നവര്‍ക്കുള്ള സുവര്‍ണാവസരവുമാണ് ഈ ബൃഹത്തായ കേമ്പെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് ഡോ. ബിജു ഗഫൂര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഡോ. അംന അബ്ദുല്ല അല്‍അന്‍സാരി (ഡയറക്ടര്‍, ഉമ്മുല്‍സനീം ഹെല്‍ത്ത് സെന്റര്‍), ഡോ. നരേഷ് ബിക്രം ദകല്‍ (അംബാസഡര്‍, നേപാള്‍ എംബസി ദോഹ), മഫാസ് മുഹിയദ്ദീന്‍ (അംബാസഡര്‍, ശ്രീലങ്കന്‍ എംബസി ദോഹ), എ.പി മണികണ്ഠന്‍ പ്രസിഡണ്ട്,്ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. നൗഫല്‍ പാലേരി (ജന.സെക്രട്ടറി, സി.ഐ.സി) സ്വാഗതം പറഞ്ഞു. കെ.സി അബ്ദുല്ലത്തീഫ് (വൈസ് ചെയര്‍മാന്‍, മെഡിക്കല്‍ ക്യാമ്പ്) അധ്യക്ഷത വഹിച്ചു. വൈസ് ചെയമാണ് പി പി അബ്ദു റഹീം നന്ദി പറഞ്ഞു അബ്ദുറഹീം ഖുര്‍ആന്‍ പാരായണം നടത്തി.
ഡോ. ഹിയാം അല്‍സാദ (റീജിയനല്‍ ഡയറക്ടര്‍, പി.എച്ച്.സി. സി), അഹ്‌മദ് മുഹമ്മദ് അല്‍മാലികി (അസി.എക്സി.ഡയറക്ടര്‍, കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍്, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍), അബ്ദുല്‍ അസീസ് അല്‍മുഹന്നദി (ഫസ്റ്റ് ലെഫ്. കേണല്‍, കമ്യൂണിറ്റി പോലീസ്), ഡോ. അബ്ദുല്‍വാഹിദ് അല്‍മുല്ല (ചെയര്‍മാന്‍, കാര്‍ഡിയോ തൊറാസിക് ഡിപാര്‍ട്മെന്റ്, എച്ച് എം സി), ഡോ. മഖ്തൂം അസീസ് (സെക്രട്ടറി, ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബ്), ഡോ. മോഹന്‍ തോമസ് തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ഉദ്ഘാടനച്ചടങ്ങിന് സന്നിഹിതരായിരുന്നു.
ഉച്ചക്ക് ശേഷം ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ അഫയേഴ്സ് അഡൈ്വസര്‍ മുഹമ്മദ് അല്‍മീര്‍ ക്യാമ്പിന്റെ സംഘാടനമികവിനെ പ്രശംസിക്കുകയും രോഗികളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയാണ് ഇത്തരം ക്യാമ്പുകളുടെ മഹത്വത്തെ വിളംബരം ചെയ്യുന്നതെന്നും പറഞ്ഞു. വരും വര്‍ഷങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന ക്യാമ്പിന് ലേബര്‍ മിനിസ്ട്രിയുടെ പൂര്‍ണ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു.
ദന്താരോഗ്യം, കാന്‍സര്‍രോഗ നിര്‍ണയം സ്ത്രീകളില്‍, ലൈംഗിക രോഗങ്ങള്‍ , നടുവേദനയും പരിഹാരമാര്‍ഗങ്ങളും, മറവി രോഗം എങ്ങിനെ നേരിടാം എന്നീ വിഷയങ്ങളില്‍ ഉച്ചക്ക് ശേഷം നടന്ന ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍ക്ക് യഥാക്രമം ഡോ. മഹേഷ് മേനോന്‍, ഡോ. ദേവി കൃഷ്ണ, ഡോ. രശ്മി ഗുരവ്, ഡോ. മണിചന്ദ്രന്‍ എന്നിവര്‍ നേത്യത്വം നല്‍കി.
ക്യാമ്പ് സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ക്ക് വേണ്ടി ഷുഗര്‍, കൊളസ്ട്രോള്‍ പരിശോധനകള്‍ക്കൊപ്പം കാഴ്ച, കേള്‍വി പരിശോധനകളും ഓറല്‍ ചെക്കപ്പും ലഭ്യമാക്കിയിരുന്നു. രക്തദാനത്തിനും അവയവദാനത്തിനുള്ള രജിസ്ട്രേഷനുമായി നിരവധി പേരാണ് മുന്നോട്ടുവന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബില്‍ നി്ന്നുള്ള നിരവധി ഡോക്ടര്‍മാര്‍ക്കൊപ്പം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, റെഡ് ക്രസന്റ് എന്നിവയില്‍ നിന്നുള്ള നിന്നുള്ള ഡോക്ടര്‍മാരും നൂറുകണക്കിന് പാരാമെഡിക്കല്‍ സ്റ്റാഫും സാങ്കേതിക വിദഗ്ധരും വളണ്ടിയര്‍മാരും ക്യാമ്പില്‍ ആദ്യാവസാനം സേവനമനുഷ്ഠിച്ചു.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള താഴ്ന്ന വരുമാനക്കാരും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുമായ രണ്ടായിരത്തോളം പേര്‍ക്കാണ് ക്യാമ്പില്‍ വിദഗ്ധ പരിശോധനക്ക് അവസരമൊരുക്കിയത്. വിവിധ ക്ലിനിക്കല്‍ ടെസ്റ്റുകള്‍ക്കൊപ്പം രോഗികള്‍ക്ക് മരുന്നും സൗജന്യമായി ലഭ്യമാക്കിയിരുന്നു. രാവിലെ ഏഴിന് ആരംഭിച്ച ക്യാമ്പ് നാല് ഷിഫ്റ്റുകളിലായി വൈകിട്ട് ആറിനാണ് സമാപിച്ചത്.
ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍, യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തര്‍, ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറം ഖത്തര്‍, ഖത്തര്‍ ഡയബറ്റിക് സ് അസോസിയേഷന്‍ തുടങ്ങിയ വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമൊപ്പം നേപ്പാള്‍, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് കമ്യൂണിറ്റികളും ക്യാമ്പില്‍ സജീവ സഹകരണം ഉറപ്പുവരുത്തിയിരുന്നു.