ബാസ്‌കറ്റ്‌ബോള്‍ ലോകകപ്പ് 2027 അവിസ്മരണീയമാക്കാന്‍ ഖത്തറിന് കഴിയും : ഹമാനെ നിയാംഗ്
അമാനുല്ല വടക്കാങ്ങര
ദോഹ: ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ ഷോപീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫിഫ ലോകകപ്പ് 2022 ന് ആതിഥേയത്വം വഹിച്ച ഖത്തര്‍ ബാസ്‌കറ്റ്‌ബോള്‍ ലോകകപ്പ് 2027 അവിസ്മരണീയമാക്കുമെന്ന് ഫിബ പ്രസിഡണ്ട് ഹമാനെ നിയാംഗ് അഭിപ്രായപ്പെട്ടു. ദോഹയിലേക്കുള്ള പ്രവര്‍ത്തന ആസൂത്രണ, പരിശോധനാ സന്ദര്‍ശന വേളയിലാണ് ഖത്തര്‍ വളരെ വിജയകരമായ ഒരു ആഗോള ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുമെന്ന് അദ്ദേഹം വിശ്വാസം” പ്രകടിപ്പിച്ചത്. ഗവേണിംഗ് ബോഡിയുടെ സെക്രട്ടറി ജനറല്‍ ആന്‍ഡ്രിയാസ് സാഗ്ലിസും അതിന്റെ സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന ഇന്റര്‍നാഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ ഫെഡറേഷന്‍ പ്രതിനിധി സംഘം ഖത്തറിലെ വിവിധ വേദികളും സൗകര്യങ്ങളും പരിശോധിക്കുകയും സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാള്‍, ദുഹൈല്‍ സ്പോര്‍ട്സ് ഹാള്‍, അലി ബിന്‍ ഹമദ് അല്‍ അത്തിയ അരീന, ആസ്പയര്‍ അക്കാദമി എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.
വേദികളിലേക്കുള്ള സന്ദര്‍ശനത്തിന് പുറമെ, മുന്‍നിര ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള പ്രാദേശിക സംഘാടക സമിതിയുടെ ഒരുക്കങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ പ്രതിനിധിസംഘത്തിന് ലഭിച്ചു. കായിക വേദികള്‍, പ്രവര്‍ത്തനങ്ങള്‍, ഗതാഗതം, താമസം, ടിവി സംപ്രേക്ഷണ സേവനങ്ങള്‍, മറ്റ് പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ അവതരണവും ഫിബ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
ലോകോത്തര മത്സര വേദികളുടെ സന്നദ്ധതയും ദേശീയ വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു വേദിയെന്ന നിലയില്‍ കായികരംഗത്തുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും പ്രാദേശികമായി എല്ലാ തലങ്ങളിലും ബാസ്‌ക്കറ്റ്ബോള്‍ വികസനം തുടരാനുള്ള അതിന്റെ ആവേശവും അടിസ്ഥാനമാക്കി ഏപ്രിലില്‍ ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്ന യോഗത്തിലാണ് ഫിബ സെന്‍ട്രല്‍ ബോര്‍ഡ് 2027 ലോകകപ്പിന് ഖത്തറിന് ആതിഥേയത്വം നല്‍കിയത്.
ഫിബ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ആദ്യമായി ഗള്‍ഫ് മേഖലയിലേക്ക് വരുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷവും ആവേശവും ഉണ്ട്. 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഫിബ പ്രസിഡണ്ട് ഹമാനെ നിയാംഗ് പറഞ്ഞു.