റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡില്‍ 8,278 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡിലേക്ക 8,278 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി. ഇന്തോ ഖത്തര്‍ വ്യാപാര രംഗത്ത് പുതിയ നാഴികക്കല്ലാകുന്ന നടപടിയാകുമിതെന്നാണ് വിലയിരുത്തപ്പെടുന്നത്. റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡില്‍ ഏകദേശം 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതി ഇന്നലെയാണ് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യുഐഎ) പ്രഖ്യാപിച്ചത്.
റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡ് അതിന്റെ സബ്സിഡിയറികളിലൂടെയും അസോസിയേറ്റുകളിലൂടെയും, ഗ്രോസറി, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഫാഷന്‍ & ലൈഫ്സ്റ്റൈല്‍, ഫാര്‍മ എന്നിവയിലുടനീളമുള്ള 18,500-ലധികം സ്റ്റോറുകളുടെയും ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെയും ശൃംഖലയുള്ള ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതും ഏറ്റവും ലാഭകരവുമായ റീട്ടെയില്‍ ബിസിനസ്സാണ്് നടത്തുന്നത്.
റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ നിക്ഷേപകനായി ക്യുഐഎയെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഡയറക്ടര്‍ ഇഷ മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിനെ ഒരു ലോകോത്തര സ്ഥാപനമായി വികസിപ്പിച്ചുകൊണ്ട്, ഇന്ത്യന്‍ റീട്ടെയില്‍ മേഖലയുടെ പരിവര്‍ത്തനത്തിന് കാരണമാകുന്നതിനാല്‍, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ആഗോള അനുഭവത്തില്‍ നിന്നും മൂല്യ സൃഷ്ടിയുടെ ശക്തമായ ട്രാക്കില്‍ നിന്നും പ്രയോജനം ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ക്യുഐഎയുടെ നിക്ഷേപം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലേക്കും റിലയന്‍സിന്റെ റീട്ടെയില്‍ ബിസിനസ് മോഡല്‍, സ്ട്രാറ്റജി, എക്സിക്യൂഷന്‍ കഴിവുകള്‍ എന്നിവയോടുള്ള നല്ല വീക്ഷണത്തിന്റെ ശക്തമായ അംഗീകാരമാണ്.
ഇന്ത്യയുടെ അതിവേഗം വളരുന്ന റീട്ടെയില്‍ വിപണിയില്‍ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള നൂതന കമ്പനികളെ പിന്തുണയ്ക്കാന്‍ ക്യുഐഎ പ്രതിജ്ഞാബദ്ധമാണെന്ന് ക്യുഐഎ സിഇഒ മന്‍സൂര്‍ ഇബ്രാഹിം അല്‍ മഹ്‌മൂദ് പറഞ്ഞു.