കേരളത്തിന്റെ പൈതൃകം കാത്തു സൂക്ഷിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ: കേരളത്തിന്റെ നവോത്ഥാന പൈതൃകം കാത്തുസൂക്ഷിക്കണമെന്ന് ഐക്യ കേരളം അറുപത്തിയേഴ് വര്‍ഷങ്ങള്‍ ചില ചരിത്ര വര്‍ത്തമാനങ്ങള്‍ എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ പതിനേഴിന് നടക്കുന്ന ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ മുന്നോടിയായിട്ടാണ് സെമിനാര്‍ നടന്നത്. സ്വാഗത സംഘം ചെയര്‍മാന്‍ ഷറഫ് പി ഹമീദ് ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയര്‍മാന്‍ എബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു.
ശ്രീനാരയണ ഗുരു, ചട്ടമ്പിസ്വാമികള്‍, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങി നിരവധി സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കള്‍ ഊടും പാവും നല്‍കി നെയ്‌തെടുത്ത മനുഷ്യ സൗഹാര്‍ദ്ദത്തിന്റെയും സമത്വത്തിന്റെയും മൂല്യങ്ങളെ അതിശക്തമായി ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകേണ്ട കാലഘട്ടത്തിലാണ് കേരളം ഇന്ന് എത്തി നില്‍ക്കുന്നത് എന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
കേരളത്തിന്റെ പരിഷ്‌ക്കരണ സംരഭങ്ങളിലും പുരോഗതിയിലും പ്രവാസികളുടെ കൈയൊപ്പ് കൂടി ഉണ്ടെന്നും സെമിനാര്‍ നിരീക്ഷിച്ചു.
സെമിനാറില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി വിഷയമവതരിപ്പിച്ചു. കേരളത്തിലെ മത സാമൂഹ്യ വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങളെ വിലയിരുത്തി ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി സംസാരിച്ചു. കോളനി വിരുദ്ധ സമരങ്ങളുടെ കേരള ചരിത്രം മുനീര്‍ സലഫി വിശദികരിച്ചു. വിദ്യാഭ്യാസ രംഗത്തെ കേരളീയ മാതൃകകള്‍ ഫാദര്‍ ടി എസ് അലക്‌സാണ്ടര്‍ അവതരിപ്പിച്ചു .
മലയാളി സമ്മേളനത്തിന്റെ ഒഫീഷ്യല്‍ ഫ്‌ളയര്‍ പബ്ലിസിറ്റി ചെയര്‍മാന്‍ സിയാദ് കോട്ടയം റിലീസ് ചെയ്തു. തീം സോംഗ് പ്രകാശനം ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍ നിര്‍വ്വഹിച്ചു.
ഫസലുറഹ്‌മാന്‍ മദനി, നസീര്‍ പാനൂര്‍, ഇ എം സുധീര്‍, മുനീര്‍ ഒ കെ, സന്ദീപ് ഗോപിനാഥ്, ഷമീര്‍ വലിയ വീട്ടില്‍ എന്നിവര്‍ സംസാരിച്ചു.