എട്ടാമത് ഖത്തര്‍ മലയാളി സമ്മേളനത്തിന് ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ: കാത്ത് വെക്കാം സൗഹൃദതീരം” എന്ന ശ്രദ്ധേയമായ പ്രമേയം ഉയര്‍ത്തി എട്ടാമത് ഖത്തര്‍ മലയാളി സമ്മേളനത്തിന് ഉജ്വല തുടക്കം. അവധി ദിനത്തിന്റെ ആലസ്യങ്ങളില്ലാതെ സ്‌നേഹ സൗഹൃദങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തി വെള്ളിയാഴ്ച രാവിലെ ആസ്പയര്‍ സോണ്‍ ലേഡീസ് കോണ്‍ഫറന്‍സ് ഹാളിലേക്ക് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒഴുകിയെത്തിയ ജനക്കൂട്ടം സമ്മേളനം ഉദ്‌ഘോഷിക്കുന്ന പ്രമേയത്തിന്റെ കാലിക പ്രാധാന്യം അടിവരയിടുന്നതായിരുന്നു.
ആസ്പയര്‍ സോണ്‍ ലേഡീസ് കോണ്‍ഫറന്‍സ് ഹാളിലെ നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പബ്‌ളിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ.ശൈഖ് മുഹമ്മദ് അല്‍ ഥാനി സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാനവിക സ്‌നേഹവും സൗഹാര്‍ദ്ദവും കാത്തുസുക്ഷിക്കുന്നതില്‍ പ്രത്യേകമായ ശ്രദ്ധപുലര്‍ത്തുന്ന ഖത്തറില്‍, ഇന്ത്യന്‍ സമൂഹം, വിശിഷ്യാ മലയാളി സമൂഹം നടത്തുന്ന ഇത്തരം ഇടപെടലുകള്‍ അഭനന്ദനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ശൈഖ് പറഞ്ഞു.
കൊറോണ പ്രതിസന്ധികാലത്തിന് ശേഷം ഇങ്ങനെ ഒത്തുകൂടാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കുവെച്ച അദ്ദേഹം പൊതുജനാരോഗ്യ മന്ത്രാലയം രാജ്യവ്യാപകമായി നടത്തുന്ന ആരോഗ്യ ബോധവത്കരണ പരിപാടികളെ കുറിച്ചും സദസ്സിനെ ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ നടന്നു വരുന്ന പ്രമേഹരോഗ വാരാചരണത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ ഡയബറ്റിക് മോണിറ്ററിംഗ് പദ്ധതികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതില്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും, ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്തെന്നും അദ്ദേഹം പറഞ്ഞു.
ഉപദേശക സമിതി ചെയര്‍മാന്‍ അബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ റഷീദ് അലി വി. പി സ്വാഗതം പറഞ്ഞു. ഐസിബിഎഫ് പ്രസിഡണ്ട് സി.എ ഷാനവാസ് ബാവ, ഇന്‍കാസ് പ്രസിഡണ്ട് സമീര്‍ ഏറാമല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സമ്മേളനത്തില്‍ സജീവ സാന്നിധ്യമായി അപെക്‌സ് ബോഡി അധ്യക്ഷന്മാര്‍
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി.മണി കണ്ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് സി.എ ഷാനവാസ് ബാവ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇപി അബ്ദുറഹിമാന്‍ എന്നിവര്‍ സമ്മേളനത്തിന്റെ സജീവ സാന്നിധ്യമായി രാവിലെ മുതല്‍ തന്നെ വേദിയെ ധന്യമാക്കി.
ഇന്ന് രാവിലെ എട്ട് മണിക്കാരംഭിച്ച സമ്മേളനം രാത്രി പത്ത് മണിവരെ വിവിധ സെഷനുകളിലായിട്ടാണ് നടക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരായ കെ. മുരളീധരന്‍ എം.പി, ജോണ്‍ ബ്രിട്ടാസ് എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ: ഗോപിനാഥ് മുതുകാട്, ഡോ: ജമാലുദ്ദീന്‍ ഫാറൂഖി, ഡോ: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, രാജീവ് ശങ്കരന്‍, ആലംകോട് ലീലാകൃഷ്ണന്‍, പി എം എ ഗഫൂര്‍, ഡോ: മല്ലിക എം. ജി, ഡോ: അജു അബ്രാഹാം, റിഹാസ് പുലാമന്തോള്‍ തുടങ്ങിയ അതിഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീര്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് റീജ്യണല്‍ ഹെഡ് ടി വി സന്തോഷിന് ആദ്യപ്രതി നല്‍കിക്കൊണ്ട് ആലങ്കോട് ലീലാകൃഷന്‍ പ്രകാശനം ചെയ്യും.
സമ്മേളനത്തിന്റെ സമാപന സെഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.