Uncategorized

പത്തൊമ്പതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കായി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി ഐ സി ) ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബുമായി സഹകരിച്ച്, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ ജൂണ്‍ 9 ന് സംഘടിപ്പിക്കുന്ന പത്തൊന്‍പതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഐന്‍ ഖാലിദിലെ ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ വെള്ളിയാഴ്ച രാവിലെ 7 മണിക്കാണ് ക്യാമ്പ് ആരംഭിക്കുക.

രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നേത്ര പരിശോധന, ഓര്‍ത്തോപീഡിക് , ഫിസിയോ തെറാപ്പി, കാര്‍ഡിയോളജി, ഇ എന്‍ ടി തുടങ്ങിയവയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം ഇ.സി.ജി, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് , കൊളസ്ട്രോള്‍, യൂറിന്‍ പരിശോധന, ഓഡിയോമെട്രി, ഓറല്‍ ചെക്കപ്പ് തുടങ്ങിയ ക്ലിനിക്കല്‍ ടെസ്റ്റുകളും മരുന്നും സൗജന്യമാണ്.
ക്യാമ്പ് സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ക്ക് ഷുഗര്‍, കൊളസ്ട്രോള്‍ ടെസ്റ്റുകള്‍ക്കൊപ്പം കാഴ്ച, കേള്‍വി പരിശോധനകള്‍ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. ആരോഗ്യ ബോധവത്കരണ ക്ലാസുകളും രക്തദാനം, അവയവ ദാന രജിസ്ട്രേഷന്‍, കൗണ്‍സലിംഗ് എന്നിവക്കുള്ള അവസരവും ക്യാമ്പിലുണ്ടാവും.

ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായി മാറിയ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന് 2002 ലാണ് തുടക്കമായത്. ജനപങ്കാളിത്തം, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും വിപുലവുമായ ക്യാമ്പ് പതിനെട്ട് വര്‍ഷത്തെ തുടര്‍ച്ചയായ സേവനത്തിന് ശേഷം കോവിഡ് മഹാമാരി കഴിഞ്ഞ് ആദ്യമായാണ് വീണ്ടുമെത്തുന്നത്.

3000 റിയാലില്‍ താഴെ മാസവരുമാനമുളളവരും വിദഗ്ധ ചികിത്സക്ക് അവസരം ലഭിക്കാത്തവരുമായ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തോളം പേര്‍ക്ക് കാര്‍ഡിയോളജി, ഇ.എന്‍.ടി, ഓര്‍ത്തോപീഡിക്, ഫിസിയോതെറാപ്പി, ഓഫ്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും സ്‌കാനിംഗ്, ഇ.സി.ജി, ഓഡിയോമെട്രി, ഓഫ്താല്‍മോളജി, ഓറല്‍ ചെക്കപ്പ്, കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍ തുടങ്ങിയ ക്ലിനിക്കല്‍ ടെസ്റ്റുകളും മരുന്നും സൗജന്യമായി ലഭ്യമാവും. രാവിലെ 7 ന് ആരംഭിക്കുന്ന പരിശോധന 4 ഷിഫ്റ്റുകളിലായി വൈകിട്ട് 6 വരെ തുടരും.

ഉച്ചക്ക് ശേഷം വിദഗ്ധ ഡോക്ടര്‍മാര്‍ നയിക്കുന്ന ആരോഗ്യബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. പല്ലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നടുവേദനയും പരിഹാരമാര്‍ഗങ്ങളും, കാന്‍സര്‍ രോഗനിര്‍ണയം സ്ത്രീകളില്‍, മറവി രോഗം എങ്ങിനെ നേരിടാം എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോക്ടര്‍ മഹേഷ് മേനോന്‍, ഡോ. രശ്മി ഗുരവ്, ഡോ. ദേവി കൃഷ്ണ, ഡോ. മണിചന്ദ്രന്‍ എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക.

ഡോക്ടര്‍മാര്‍ക്ക് പുറമെ നൂറുകണക്കിന് പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, വളണ്ടിയര്‍മാര്‍, ടെക്നിക്കല്‍ സ്റ്റാഫ് തുടങ്ങിയവരും കേമ്പില്‍ സേവനമനുഷ്ഠിക്കും.
ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബിന് പുറമെ ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്‍ ഖത്തര്‍, ഖത്തര്‍ ഡയബെറ്റ്സ് അസോസിയേഷന്‍, അല്‍ഹമദ് സെക്യൂരിറ്റി സര്‍വീസസ് തുടങ്ങിയവ സംഘടനകളും സ്ഥാപനങ്ങളും ക്യാമ്പുമായി സഹകരിക്കുന്നു.

ഇന്ന് ഐബിസ് ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇസ്ഹാഖ് അഹമ്മദ് സഈദ് ( കോര്‍ഡിനേറ്റര്‍, മീഡിയ കമ്മ്യൂണിക്കേഷന്‍സ് -ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍),
മുഹമ്മദ് സുഹൈല്‍ (പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ പ്രതിനിധി ),ഡോ. ബിജു ഗഫൂര്‍, (പ്രസിഡണ്ട് , ഇന്ത്യന്‍ ഡോക്ടര്‍സ് ക്ലബ് ഖത്തര്‍ ), ഡോ. മുഹമ്മദ് മക്തൂം (ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ ഡോക്ടര്‍സ് ക്ലബ് ഖത്തര്‍) കെ. സി അബ്ദുല്ലത്തീഫ് (വൈസ് ചെയര്‍മാന്‍, ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ), റഷീദ് അഹമ്മദ്, മുഹമ്മദ് അലി ,പി. പി. അബ്ദുല്‍ റഹീം എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!