
വായനയുടെ വസന്തമൊരുക്കി ദോഹ പുസ്തകോല്‍സവം
അമാനുല്ല വടക്കാങ്ങര
ദോഹ. വായനയുടെ വസന്തമൊരുക്കി ദോഹ പുസ്തകോല്‍സവം ആയിരങ്ങളെ ആകര്‍ഷിക്കുമ്പോള്‍ പുസ്തകങ്ങളും വായനയും അടയാളപ്പെടുത്തുന്ന സര്‍ഗാത്മക സാംസ്‌കാരിക പ്രവര്‍ത്തനം ഏതുകാലത്തും പ്രസക്തമാണെന്നാണ് അടിവരയിടുന്നത്.
വായന മരിക്കുന്നു എന്ന വിലാപത്തിനൊന്നും വലിയ പ്രസക്തിയില്ലെന്നും പലതരത്തിലുള്ള വായന സമൂഹത്തിന്റെ സാംസ്‌കാരരിക പ്രവര്‍ത്തനങ്ങളുടെ ചാലക ശക്തിയായി വര്‍ത്തിക്കുന്നുണ്ടെന്നമുള്ള തിരിച്ചറിവാണ് പുസ്തകോല്‍സവങ്ങള്‍ നല്‍കുന്നത്. എഴുത്തും വായനയും ആഘോഷമാക്കുന്ന സാംസ്‌കാരിക പരിസരമൊരുക്കുന്ന പുസ്തകമേളകള്‍ സന്ദര്‍ശിക്കുന്നത് തന്നെ പ്രധാനമാണ് .
പത്തു ദിവസം നീണ്ടുനില്‍ക്കുന്ന അക്ഷരോല്‍സവം വൈവിധ്യമാര്‍ന്ന എണ്ണൂറോളം സാംസ്‌കാരിക പരിപാടികള്‍ക്കും വേദിയാകുമെന്നത് ഈ മേളയെ കൂടുതല്‍ സവിശേഷമാക്കുന്നു.
നിത്യവും രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെയാണ് പുസ്തകമേള. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണി വരെയായിരിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ വാക്‌സിനെടുത്തവര്‍ക്കും നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പുസ്തകോത്സവത്തിനു സന്ദര്‍ശനാനുമതി ലഭിക്കുക.
ദോഹ പുസ്തകോത്സവത്തിനു പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://31.dohabookfair.qa/en/visitors/visitors-registration/ എന്ന ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇമെയില്‍ വഴി രജിസ്ട്രേഷന്‍ കോഡ് ലഭിക്കും. രജിസ്റ്റര്‍ ചെയ്ത ദിനത്തിലേക്ക് മാത്രമേ ഈ കോഡ് ആക്റ്റീവ് ആവുകയുള്ളൂ, മറ്റൊരു ദിവസമാണ് നിങ്ങള്‍ സന്ദര്‍ശനം നടത്തുന്നതെങ്കില്‍ വീണ്ടും രജിസ്ട്രേഷന്‍ നടത്തണം. ഹാളില്‍ നിശ്ചിത എണ്ണം ആളുകള്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ പുതിയ സന്ദര്‍ശകരെ അനുവദിക്കില്ല. ജനുവരി 22 നാണ് പുസ്തകമേള സമാപിക്കുക.