Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പാസേജ് ടു ഇന്ത്യ ഇന്നു മുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവലായ പാസേജ് ടു ഇന്ത്യ ഇന്നു മുതല്‍ മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ നടക്കുന്ന ആഘോഷം ഇന്തോ ഖത്തര്‍ നയതന്ത്ര ബന്ധത്തിന്റെ 50 വര്‍ഷം ആഘോഷിക്കുന്ന സവിശേഷ പതിപ്പാണ് ഈ വര്‍ഷത്തെ പാസേജ് ടു ഇന്ത്യ.
വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സാംസ്‌കാരിക സമ്പന്നത, ആധുനിക ഇന്ത്യയുടെ നേട്ടങ്ങള്‍, ഇന്ത്യ-ഖത്തര്‍, പ്രവാസി സൗഹൃദം വര്‍ധിപ്പിക്കല്‍ എന്നിവ പ്രദര്‍ശിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു അതുല്യമായ പരിപാടിയായിരിക്കും ഇത്. ദോഹയുടെ ഹൃദയഭാഗത്തുള്ള പൈതൃക കേന്ദ്രമായ ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്കിന്റെ പ്രശസ്തമായ മ്യൂസിയത്തില്‍ സമ്പന്നമായ ഇന്ത്യന്‍ സംസ്‌കാരവും കലാരൂപങ്ങളും ഈ സാംസ്‌കാരിക മാമാങ്കം പ്രദര്‍ശിപ്പിക്കും. കരകൗശലവസ്തുക്കള്‍, വസ്ത്രങ്ങള്‍, ജ്വല്ലറികള്‍ തുടങ്ങി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യം പ്രതിപാദിക്കുന്ന വിവിധ ഇനങ്ങളാണ് സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദോഹയില്‍ ലൈസന്‍സുള്ള വെണ്ടര്‍മാര്‍ നടത്തുന്ന ഭക്ഷണ സ്റ്റാളുകള്‍ വിവിധ ഇന്ത്യന്‍ വിഭവങ്ങള്‍ വിളമ്പും.

ഖത്തറില്‍ നിന്നുള്ള 100 ഫോട്ടോഗ്രാഫര്‍മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ‘ഫോട്ടോഗ്രാഫി എക്സിബിഷനും’ പരിപാടിയുടെ സവിശേഷതയാണ്.

ഇന്ത്യയില്‍ നിന്നുള്ള ഐസിസിആര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഖവ്വാലി ട്രൂപ്പിന്റെ ആകര്‍ഷകമായ പ്രകടനം, കേരളത്തില്‍ നിന്നുള്ള പരമ്പരാഗത സംഘനൃത്തമായ മെഗാ തിരുവാതിര, മെഗാ ‘റാസ് ദണ്ഡിയ’ (ഗര്‍ബ), ഡോഗ് സ്‌ക്വാഡിന്റെ ഡോഗ് ഷോ , ലൈവ് മ്യൂസിക്കല്‍ ഷോ, ചെണ്ടമേളം എന്നിവ പരിപാടിയില്‍ അരങ്ങേറും. ഇന്ത്യ ഗോട്ട് ടാലന്റ് സീസണ്‍ 3-ന്റെ ഫൈനലിസ്റ്റ്, സ്പീഡ് പെയിന്റര്‍ വിലാസ് നായക് ലൈവ് സ്പീഡ് പെയിന്റിംഗും അവതരിപ്പിക്കും.

ആഘോഷത്തിന്റെ ഭാഗമായി ഖത്തറില്‍ ദീര്‍ഘകാലമായി താമസിക്കുന്ന 40 ഇന്ത്യന്‍ പൗരന്മാരെ ആദരിക്കും.

2012-ലാണ് പാസേജ് ടു ഇന്ത്യയുടെ ആദ്യ പതിപ്പ് നടന്നത്. അതിനുശേഷം എല്ലാ വര്‍ഷവും ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം ഖത്തറി പൈതൃകത്തിന്റെ സമ്മിശ്രമായ സമൃദ്ധിയോടെ ഇന്ത്യന്‍ സംസ്‌കാരത്തെ ആഘോഷിക്കുന്ന ചടങ്ങായി ഇത് മാറി.

Related Articles

Back to top button