Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

യൂത്ത്‌ഫോറം കാമ്പയിന്‍ സമാപന സമ്മേളനം നാളെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ‘നാം’ കരുത്തരാവുക കരുതലാവുക എന്ന പ്രമേയത്തില്‍ ഒരു മാസത്തോളമായി ഖത്തര്‍ യൂത്ത് ഫോറം നടത്തി വരുന്ന കാമ്പയിന്‍ നാളെ ( വെളളി) ഉച്ചക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും.

കോവിഡ് കാലഘട്ടം സൃഷ്ടിച്ച സാമൂഹിക അകലം, സാമ്പത്തിക അസ്ഥിരത, തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ തുടങ്ങി വ്യത്യസ്ത കാരണങ്ങളാല്‍ പ്രവാസി യുവത അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കുക, സമീപകാലത്തായി സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ സഹോദര്യത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും മൂല്യങ്ങളിലൂന്നി ചെറുത്തു തോല്പിക്കാന്‍ യൗവനത്തെ പ്രാപ്തമാക്കുക എന്നീ ദ്വിമുഖ ലക്ഷ്യങ്ങളോടെ ഒക്ടോബര്‍ 15 നാണ് കാമ്പയിന്‍ ആരംഭിച്ചത്.

കാമ്പയിനോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സെഴ്‌സ് മീറ്റ്, കൗണ്‍സലേഴ്‌സ് & സോഷ്യല്‍ വര്‍ക്കേഴ്‌സ് ഗാതെറിങ്, കലയോരം എന്ന പേരില്‍ ദോഹയിലെ കലാകാരന്മാരുടെ സംഗമം, ഖത്തറിലെ സിനിമാ പ്രവര്‍ത്തകരുടെ ഒത്തുചേരല്‍ എന്നിവ പ്രധാന പരിപാടികളായിരുന്നു. കാമ്പയിന്‍ പ്രചാരണാര്‍ത്ഥം ഖത്തറിലെ വിവിധ കേന്ദ്രങ്ങളില്‍ യൂത്ത് മീറ്റുകളും, യാത്രകളും സംഘടിപ്പിച്ചു.

ഖത്തറില്‍ തൊഴില്‍-വിദ്യാഭ്യാസ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവാക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ‘യൂത്ത് എക്‌സലന്‍സ് അവാര്‍ഡ്-2021’ വിജയികളെ സമാപന സമ്മേളനത്തില്‍ പ്രഖ്യാപിക്കും. അവര്‍ക്കുള്ള ഉപഹാരം സമ്മേളന വേദിയില്‍ വെച്ചു സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സമ്മേളന ദിവസം യൂത്ത്‌ഫോറം തീം സോങ് പ്രകാശനവും നടക്കും. യൂത്ത്‌ഫോറം പ്രവര്‍ത്തകന്‍ തൗഫീഖ് എരുമേലി രചിച്ച വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ അമീന്‍ യാസര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചത് യുവ പിന്നണി ഗായകന്‍ അക്ബര്‍ ഖാന്‍ ആണ്. യൂത്ത്‌ഫോറം ഖത്തര്‍ യൂട്യൂബ് ചാനലില്‍ ഇന്ന് മുതല്‍ തീം സോങ് ലഭ്യമാവും.

സൂം, യൂട്യൂബ് ഡിജിറ്റല്‍ പ്ലാറ്റഫോമുകള്‍ വഴി സമ്മേളനം വീക്ഷിക്കാന്‍ സൗകര്യമുണ്ടായിരിക്കും.

Related Articles

Back to top button