ഇന്തോ-അറബ് സംസ്‌കാരങ്ങള്‍ അക്കാദമിക രംഗത്ത് ഇന്നും പ്രസക്തം: ഡോ.ബഹാഉദ്ദീന്‍ നദ് വി
തേഞ്ഞിപ്പലം : ഇന്തോ-അറബ് സംസ്‌കാരങ്ങള്‍ അക്കാദമിക രംഗത്ത് ഇന്നും പ്രസക്തമായ ഗവേഷണ വിഷയമാണെന്ന് ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി. ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല നാല്‍പതാം വാര്‍ഷിക റൂബി ജൂബിലിയോട് അനുബന്ധിച്ച് കൈറോയിലെ ലീഗ് ഓഫ് യൂനിവേഴ്‌സിറ്റീസ്, കാലിക്കറ്റ് സര്‍വകലാശാല എന്നിവരുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഇന്തോ-അറബ് റിലേഷന്‍സ്’ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളിലൂടെയുള്ള അറേബ്യന്‍ സഞ്ചാരവും സാംസ്‌കാരിക വിനിമയങ്ങളും ആഗോള ശ്രദ്ധയാകര്‍ഷിക്കുന്ന പഠനങ്ങളാണെന്നും അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ പല സര്‍വകലാശാലകളും അത്തരം പഠനങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രങ്ങളിലൂടെയുള്ള ശാഫിഈ മദ്ഹബിന്റെ സഞ്ചാരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡോ. മഹ്‌മൂദ് ഹുദവിയുടെ പഠനം പ്രശസ്തമായ ഇന്‍ഫോസിസ് പുരസ്‌കാരത്തിന് അര്‍ഹമായതും കേരളത്തിലെ പള്ളികളുടെ വാസ്തുവിദ്യകളെ കുറിച്ചും അറബി – മലയാള ഗവേഷണത്തിന്റെ സമകാലിക പ്രസക്തിയും അക്കാദമിക മേഖലയില്‍ ഈ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.