അവധിക്കാലം; ആറ് മാസ കാലാവധിയില്‍ കുറഞ്ഞ പാസ്‌പോര്‍ട്ടുകള്‍ ഇപ്പോള്‍ പുതുക്കുന്നത് ഉത്തമം

ദോഹ. അവധിക്കാലം അടുത്തുവരുന്ന സാഹചര്യത്തില്‍ ആറ് മാസ കാലാവധിയില്‍ കുറഞ്ഞ പാസ്‌പോര്‍ട്ടുകള്‍ ഇപ്പോള്‍ പുതുക്കുന്നത് നല്ലതാകുമെന്ന് ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഓര്‍മപ്പെടുത്തുന്നു.
പ്രവാസികള്‍ ഇപ്പോള്‍ കുടുംബ സമേതം അവധിക്കാലങ്ങള്‍ ചിലവഴിക്കാനായി സ്വന്തം നാടിന് പുറമെ വിവിധ രാജ്യങ്ങളിലേക്ക് പോകുന്നവരാണ്.
മൂന്ന് മാസം കൂടെ കഴിഞ്ഞാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം വേനലവധി അടുത്ത് വരികയാണല്ലോ.
പല രാജ്യങ്ങളിലേക്കും പ്രവേശിക്കുന്നതിന് പാസ്‌പോര്‍ട്ട് കാലാവധി ചുരുങ്ങിയത് ആറ് മാസം ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്.
നേരത്തെ തന്നെ ടിക്കറ്റ് എടുക്കാന്‍ തയ്യാറാവുന്ന പലരും ഇക്കാര്യം ശ്രദ്ധിക്കാത്തതിനാല്‍ അവസാന ദിനങ്ങളില്‍ ടെന്‍ഷന്‍ ആവുകയും കൂടുതല്‍ ഫീസ് അടച്ച് തത്കാല്‍ സംവിധാനം വഴി പാസ്‌പോര്‍ട്ട് എടുക്കേണ്ടതായി വരാറുണ്ട്. ഈ സാഹചര്യം ഒഴിവാക്കാന്‍ യാത്ര പുറപ്പെടുന്ന തിയ്യതിക്ക് ആറ് മാസത്തില്‍ കുറവ് കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ ഇപ്പോള്‍ തന്നെ പുതുക്കുന്നത് ഏറെ നന്നാവും.
ഇപ്പോള്‍ അപേക്ഷിച്ചാല്‍ യാതൊരു പ്രയാസവുമില്ലാതെ പാസ്‌പോര്‍ട്ട് ലഭിക്കുകയും യാത്ര ചെയ്യാനുമാവും.