Breaking News

കണ്ണൂര്‍ ശരീഫിന്റെ ഫോട്ടോ വരച്ച് സമ്മാനിച്ച് ഖത്തര്‍ മലയാളി

ദോഹ. മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ കണ്ണൂര്‍ ശരീഫിന്റെ ഫോട്ടോ വരച്ച് സമ്മാനിച്ച് ഖത്തര്‍ മലയാളി. കഴിഞ്ഞ ദിവസം അല്‍ അറബി ക്‌ളബ്ബില്‍ നടന്ന സംകൃതപമഗിരി സംഗീത പരിപാടിക്കെത്തിയപ്പോഴാണ് ഖത്തറില്‍ വരയിലൂടെ വിസ്മയം തീര്‍ക്കുന്ന കലാകാരനായ റഫീക്ക് പാലപ്പെട്ടി തന്റെ ഇഷ്ടഗായകന് ഫോട്ടോ സമ്മാനിച്ചത്.
പ്രവാസ ജീവിതത്തിലെ തിരക്കുകളിലും കലാപരമായ കഴിവുകള്‍ നിലനിര്‍ത്തി കലയെ സാമൂഹ്യ നന്മക്കായി പ്രയോജനപ്പെടുത്തുന്ന ഈ കലാകാരന്‍ ഒഴിവു നേരങ്ങളില്‍ കലാകാരന്‍മാരോടുള്ള സ്‌നേഹാദരങ്ങള്‍ അവരുടെ ചിത്രങ്ങള്‍ വരച്ചു അവര്‍ക്കു നേരിട്ട് സമാനിച്ചുകൊണ്ട് ശ്രദ്ധേയനാവുകയാണ്. ഈയിടെ ഖത്തറിലെ എന്‍വിബിഎസ് ഫൗണ്ടര്‍മാരായ ബേനസീര്‍ മനോജ്, മനോജ് സാഹിബ് ജാന്‍ എന്നിവരുടെ ഫോട്ടോകളും വരച്ച് റഫീഖ് സമ്മാനിച്ചിരുന്നു.

ഷാഫി കൊല്ലം , താജുദ്ധീന്‍ വടകര, സലീം കോടത്തൂര്‍, ഫൈസല്‍ പൊന്നാനി , സജീര്‍ കൊപ്പം , ശിഹാബ് പട്ടുറുമാല്‍,
മുഹസിന്‍ തളിക്കുളം, ആട് ജീവിതം നജീബ് തുടങ്ങി നിരവധി കലാകാരന്മാരുടെ ചിത്രങ്ങള്‍ നേരിട്ടു വരച്ചു നല്‍കിയിട്ടുണ്ട് റഫീഖ്.

എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് വരയോട് താല്‍പര്യം തോന്നി തുടങ്ങിയത്. പിന്നീട് പല മത്സരങ്ങളിലും പങ്കെടുത്തു നിരവധി പ്രോത്സാഹന സമ്മാനങ്ങള്‍ നേടി.

നാട്ടുകാരായ പഞ്ചായത്ത് മുന്‍ മെമ്പര്‍ അബു സിഎം, കല്ലിങ്ങല്‍ കുഞ്ഞിമുഹമ്മദ്, അക്ബര്‍ പുതിയരുത്തി തുടങ്ങി ഖത്തറിലെ മാപ്പിള കലാ അക്കാദമി അംഗം മുഹ്‌സിന്‍ തളിക്കുളം, ഷഫീക്ക് മാട്ടൂല്‍ തുടങ്ങിയവരുടെ പിന്തുണയും പ്രോത്സാഹനവും വിലമതിക്കാനാവാത്തതാണെന്ന് റഫീഖ് പറയുന്നു.

ഹംസ സൈനബ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനാണ് റഫീഖ്. ഇനിയും ഒട്ടേറെ മുഖങ്ങള്‍ തന്റെ വരയിലൂടെ ഫ്രെയിം ഇട്ടു നല്‍കാനുള്ള തിരക്കിലാണ് .

ദോഹയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് റഫീക്ക്

Related Articles

Back to top button
error: Content is protected !!