Breaking News

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സന്ദര്‍ശകന് 5 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി ഉത്തരവ്

ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തി ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ട്രാഫിക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു യാത്രക്കാരന് പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയും അതിന്റെ ഡ്രൈവര്‍മാരില്‍ ഒരാളും വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കമ്പനിയും സംയുക്തമായി 500,000 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട കീഴ്‌ക്കോടതി വിധി ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് കൊമേഴ്സ് കോടതിയുടെ അപ്പലേറ്റ് സര്‍ക്യൂട്ട് ശരിവച്ചതായി പ്രമുഖ പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2024 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കോടതി രേഖകള്‍ അനുസരിച്ച്, ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ നിന്നും ഡ്രൈവറില്‍ നിന്നും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും 3 മില്യണ്‍ റിയാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അപകടം സംഭവിച്ച സന്ദര്‍ശകന്റെ നിയമപരമായ അവകാശി ക്േസ് ഫയല്‍ ചെയ്തത്.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നട്ടെല്ല് ഒടിവുകള്‍, ഇടതുകൈയിലെ വിരലിന്റെ ഭാഗികമായ ഛേദം, കര്‍ണ്ണപുടം പൊട്ടിയതുമൂലം ഭാഗികമായ കേള്‍വിക്കുറവ് എന്നിവയുള്‍പ്പെടെ നിരവധി പരിക്കുകള്‍ സംഭവിച്ചു. ഖത്തറിനകത്തും പുറത്തും കാര്യമായ ചികിത്സാച്ചെലവുകള്‍ വരുകയും സുഖം പ്രാപിക്കുന്ന കാലയളവില്‍ ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ അധിക വരുമാനം നഷ്ടപ്പെടുകയും ചെയ്തു.

ക്ലെയിമിനെ പിന്തുണച്ച്, പരാതിക്കാരന്റെ നിയമപരമായ പ്രതിനിധി അപകട റിപ്പോര്‍ട്ടും വാഹനവുമായി ബന്ധപ്പെട്ട രേഖകളും ഉള്‍പ്പെടെയുള്ള ഡോക്യുമെന്ററി തെളിവുകള്‍ സമര്‍പ്പിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയും അതിന്റെ ഡ്രൈവറും ഇന്‍ഷുററും സംയുക്തമായി ബാധ്യസ്ഥരാണെന്ന് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ആത്യന്തികമായി വിധിക്കുകയും അവകാശവാദിക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി 500,000 റിയാല്‍ നല്‍കാന്‍ അവരോട് ഉത്തരവിടുകയും ചെയ്തു.

പ്രതികള്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും മെറിറ്റുകളുടെ അടിസ്ഥാനത്തില്‍ അത് നിരസിക്കുകയും കീഴ്‌ക്കോടതിയുടെ തീരുമാനം പൂര്‍ണ്ണമായി സ്ഥിരീകരിക്കുകയുമായിരുന്നു.