Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രവാസി അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിന് തുടര്‍ച്ചയുണ്ടാകും: സൈനുല്‍ ആബിദീന്‍

ദോഹ: ഇന്ത്യന്‍ പ്രവാസി സമൂഹം നേരിടുന്ന നിയമ പ്രയസങ്ങളും യാത്ര നിരക്കിന്റെ പ്രയാസങ്ങളും നേരിടാന്‍ നിയമപരമായ മാര്‍ഗത്തില്‍ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും അതിന് മുസ് ലിം ലീഗ് നേതൃപരമായ ഇടപെടല്‍ നടത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും, പ്രവാസി വോട്ടവകാശം ഉള്‍പ്പടെയുള്ള നമ്മുടെ സ്വപ്ങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ തുടര്‍ന്നും നിര്‍വഹിക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം നിലവില്‍ വന്ന പുതിയ ദേശീയ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായ ശേഷം ആദ്യമായി ഖത്തറില്‍ എത്തിയ അദ്ദേഹത്തിന് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ചെറുപ്പം മുതലുള്ള സുദീര്‍ഘമായ സംഘടനാ കാലങ്ങളെയും നേതാക്കളെയും അനുസ്മരിച്ച അദ്ദേഹം, പ്രവാസി സമൂഹത്തിന്റെ പ്രതിനിധിയായാണ് ഞാന്‍ നേതൃ നിരയിലേക്ക് പരിഗണിക്കപ്പെട്ടതെന്നും ആ മേഖലയില്‍ ചെയ്യാനാകുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുമെന്നും പാര്‍ട്ടി നേതാക്കളുടെയും കെഎംസിസി പ്രസ്ഥാനത്തിന്റെയും പിന്തുണയാണ് തന്റെ ഊര്‍ജമെന്നും അദ്ദേഹം പറഞ്ഞു. നാലര പതിറ്റാണ്ടിന്റെ ഖത്തര്‍ പ്രവാസം കെഎംസിസിയുടെ വിവിധ സംഘടന തലങ്ങളില്‍ പ്രവര്‍ത്തിക്കാനായതിന്റെ അംഗീകാരമായി കണക്കാക്കുകയാണെന്നും തന്റെ കര്‍മ്മ മണ്ഡലത്തിലെ പ്രവര്‍ത്തകരും നേതാക്കളും നല്‍കുന്ന സ്വീകരണം ഏറെ ഹൃദ്യമാണെന്ന സന്തോഷം അദ്ദേഹം പങ്കു വെച്ചു.

മുസ് ലിം ലീഗ് പാര്‍ട്ടിയും നേതൃത്വവും പുതിയ കാലത്തേ വെല്ലുവിളികളെ നേരിടാനുള്ള വിപുലമായ പ്രവര്‍ത്തന പദ്ധതികളാണ് ലക്ഷ്യം വെക്കുന്നതെന്നും, സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നുമുള്ള പ്രാതിനിധ്യത്തോടെ നിലവില്‍ വന്ന കമ്മിറ്റി പരിചയ സമ്പന്നരായ നേതാക്കളുടെ മികവില്‍ സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ എല്ലാ നിലയിലും നേരിടുമെന്നും ഇന്ത്യന്‍ മുസ് ലിം സമൂഹത്തിനും പിന്നാക്ക ന്യൂന പക്ഷത്തിനും വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടി പൊതുജന പങ്കാളിത്തം കൊണ്ടും പ്രൗഢമായ സദസ്സ് കൊണ്ടും മികവുറ്റതായി. വിവിധ ജില്ലാ കമ്മിറ്റികളും ഘടകങ്ങളും അദ്ദേഹത്തിന് ഉപഹാരങ്ങളും ഹാരാര്‍പ്പണങ്ങളും നല്‍കി. കെഎംസിസി ഖത്തര്‍ സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ എം പി ഷാഫി ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ അബ്ദു സമദ് അധ്യക്ഷത വഹിച്ചു. എസ്എഎം ബഷീര്‍, എപി അബ്ദുറഹ്‌മാന്‍, പി കെ അബ്ദു റഹീം ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറര്‍ പി എസ് എം ഹുസൈന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button