IM Special
ഓര്‍മ്മ ചിത്രം

വിനേഷ് ഹെഗ്ഡെ
ഒരുനാളില്‍ നാം വെറും ചിത്രങ്ങളായിടും
ഓര്‍മ്മകള്‍ ഛായം പകരുന്ന ചിത്രം..
കൂടെയുണ്ടാവില്ല സ്വത്തും പ്രശസ്തിയും
കൂടപ്പിറപ്പായ രക്തബന്ധങ്ങളും..
ഒരു രുദ്ര വീണയായ് നാദങ്ങള്‍ മീട്ടിയ
ഹൃദയത്തിന്‍ തന്ത്രികള്‍ നിശ്ചലമായിടും…
ജീവന്റെ താളമാം ശ്വാസ നിശ്വാസങ്ങള്‍
ഒരു മൗനരാഗമായ് അസ്തമിച്ചീടുന്നു…
ഇന്നലെകള്‍ താണ്ടിയ കരുത്താര്‍ന്ന പാദങ്ങള്‍ ഇനിചലിക്കില്ല പുതുയാത്ര തന്‍ വീഥിയില്‍ ..
ഞാന്‍ എന്ന ഭാവമാം സുസ്മേര വതനത്തില്‍ ഇനിയില്ല രാഗലയനാദ വികാരങ്ങള്‍…
ക്രയവിക്രയങ്ങള്‍ നടത്തിയ കൈകളില്‍
ലാഭനഷ്ടങ്ങളും ശൂന്യമായ് തീര്‍ന്നിടും…
പിറവിയും അന്ത്യവും അറിയാത്ത യാത്രയില്‍ വെറുതെ നാം മത്സര യുദ്ധങ്ങള്‍ തീര്‍ക്കുന്നു..
ഒടുവിലായ് അവസാന ശ്വാസമായ് തീരവേ ഞാന്‍ എന്ന മിഥ്യയും ഓര്‍മ്മയായ് മാറുന്നു..
അന്ത്യമിലാത്തൊരാ ഓര്‍മചിത്രത്തില്‍ നാം വെണ്മയാം നന്മതന്‍ ചായം പതിക്കണം…