പി.പി. ഹൈദര്‍ ഹാജി : സൗമ്യനായ പൊതു പ്രവര്‍ത്തകന്‍

ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. അരനൂറ്റാണ്ടിലേറെ കാലം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിള്‍ നിറഞ്ഞു നിന്ന് ഇന്ന് പുലര്‍ച്ചെ ഈ ലോകത്തോട് വിടപറഞ്ഞ പി.പി. ഹൈദര്‍ ഹാജി സൗമ്യനായ പൊതു പ്രവര്‍ത്തകനായിരുന്നു.
ഖത്തറിലെ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന് തുടക്കമിട്ട എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിന്റെ സ്ഥാപകന്‍ എന്ന നിലയിലും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ നേതൃപരമായ പങ്കുവഹിച്ച വ്യക്തി എന്ന നിലയിലും ഇന്ത്യന്‍ സമൂഹം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുവന്നു.
1962 ലാണ് ഹൈദര്‍ ഹാജി ഖത്തറിലെത്തുന്നത്. ജനുവരി 1 ന് വീട്ടില്‍ നിന്നുമിറങ്ങി. 3 ന് മുമ്പൈയിലെത്തി. യാത്രാ രേഖകളൊക്കെ ശരിയാക്കി ജനുവരി 17 ന് കപ്പല്‍ കയറിയ അദ്ദേഹം കറാച്ചി വഴി ജനുവരി 22 നാണ് ഖത്തറിലെത്തിയത്.
നിരന്തരമായ പരിശ്രമത്തിലൂടെ വ്യവസായിക രംഗത്തും വിദ്യാഭ്യാസ രംഗത്തുമൊക്കെ മികച്ച സംഭാവനകളര്‍പ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.
മക്കളെ ഖത്തറിലേക്ക് കൊണ്ടു വരുമ്പോള്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനങ്ങളൊന്നും ഖത്തറിലുണ്ടായിരുന്നില്ല. അങ്ങനെയാണ് 1974 ല്‍ സമാന ചിന്താഗതിക്കാരായ നാട്ടുകാരുമായും സുഹൃത്തുക്കളുമായും കൂടിയാലോചിച്ച് എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപിച്ചത്. ദീര്‍ഘകാലം അതിന്റെ പ്രസിഡണ്ടും കാര്യദര്‍ശിയുമായിരുന്നു. ഖത്തറിലെ ഏറ്റവും വലിയ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനമായി എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ വളര്‍ന്നതിന് പിന്നില്‍ ഹൈദര്‍ ഹാജിയുടേയും സുഹൃത്തുക്കളുടേയും കൂട്ടായ പരിശ്രമങ്ങളായിരുന്നു.
1991 ല്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ മാതൃകയില്‍ തൃശൂര്‍ ചിറ്റിലപ്പള്ളിയില്‍ ഐഇഎസ് സ്‌കൂള്‍ ആന്റ് കോളേജ് സ്ഥാപിക്കുന്നതിനും കോഴിക്കോട് ജില്ലയിലെ ദയാപുരത്തുള്ള അന്‍സാരി റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളിലും ഹൈദര്‍ ഹാജിയുടെ നേതൃപരമായ പങ്കുണ്ടായിരുന്നു.
ഒരു നല്ല ബിസിനസുകാരനായിരുന്ന ഹൈദര്‍ ഹാജി സ്ഥാപിച്ച ഫാമിലി ഫുഡ് സെന്റര്‍ വര്‍ഷങ്ങളായി ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിശിഷ്യാ മലയാളി സമൂഹത്തിന്റെ പ്രിയപ്പെട്ട റീട്ടെയില്‍ ഔട്ട്‌ലെറ്റാണ്. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വ്യാപകമാകുന്നതിന് മുമ്പ് ഖത്തറിലെ ഏറ്റവും ജനകീയ കേന്ദ്രമായിരുന്ന ഫാമിലി ഫുഡ് സെന്റര്‍ ഇന്നും ജനഹൃദയങ്ങളില്‍ നിലനില്‍ക്കുന്നത് ഹൈദര്‍ ഹാജി സ്ഥാപിച്ച ലെഗസിയും പാരമ്പര്യവുമാണ് അടയാളപ്പെടുത്തുന്നത്.
കോഴിക്കോട് ഹൈസണ്‍ ഹോട്ടലും ഹൈസണ്‍ മോട്ടോര്‍സും ഹൈദര്‍ ഹാജി എന്ന വ്യവസായിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള സംരംഭങ്ങളായിരുന്നു.
തിരക്കുപിടിച്ച ബിസിനസുകള്‍ക്കിടയിലും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കാനും നേതൃത്വം നല്‍കാനും സമയം കണ്ടെത്തിയെന്നതും ഹൈദര്‍ ഹാജിയെ സവിശേഷനാക്കുന്നു.
1992 മുതല്‍ 96 വരെ ഐസിബിഎഫിന്റെ പ്രസിഡണ്ടായിരുന്ന അദ്ദേഹം ഐസിസിയുടെയും ഫൗണ്ടര്‍ മെമ്പറായിരുന്നു

