അതിരുകള്‍ കടന്ന് താനൂരിലെ കയ്യെഴുത്ത് ഗ്രന്ഥങ്ങള്‍ : അന്താരാഷ്ട്ര സെമിനാര്‍ ഇന്ന് ദോഹയില്‍

ദോഹ: ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജിനു കീഴിലായി സംരക്ഷിച്ചുവരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അറബിക് കയ്യെഴുത്ത് ഗ്രന്ഥങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാര്‍ ഇന്ന് ഖത്തറിലെ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. ചരിത്ര പ്രാധാന്യമുള്ള താനൂരിന്റെ പൈതൃകത്തെ അന്താരാഷ്ട്ര സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇസ്ലാഹുല്‍ ഉലൂം മിഷന്‍ 2030 പദ്ധതിയുടെയും ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പത്താം വാര്‍ഷികത്തിന്റെയും ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാനായി ഇസ്ലാഹുല്‍ ഉലൂം പ്രിന്‍സിപ്പല്‍ സി.എം അബ്ദുസമദ് ഫൈസിയുടെ നേതൃത്വത്തിലുള്ള സംഘം ദോഹയിലെത്തി.
അറബി ഭാഷയിലെ 200 ലധികം വരുന്ന കയ്യെഴുത്തു ഗ്രന്ഥങ്ങളാണ് താനൂര്‍ ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജില്‍ സൂക്ഷിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മനോഹരമായ അറബി കയ്യെഴുത്തുകളില്‍ വിരചിതമായ ഗ്രന്ഥങ്ങള്‍ വിവിധ നാടുകളിലൂടെ സഞ്ചരിച്ചാണ് പുരാതനമായ വലിയകുളങ്ങര പള്ളിയില്‍ എത്തിച്ചേരുന്നത്. ഇവിടെ നിലനിന്നിരുന്ന പള്ളിദര്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിവിധ കാലങ്ങളിലായി വഖഫ് ചെയ്യപ്പെട്ടവയാണിവ. ഇവയിലെല്ലാം പകര്‍ത്തി എഴുതപ്പെട്ടതും വഖഫ് ചെയ്യപ്പെട്ടതുമായ തീയതികളും വ്യക്തികളും കൃത്യമായി അതാതു കാലങ്ങളില്‍ രേഖപ്പെടുത്തിയതായി കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷക സമൂഹത്തിന് ഇവയെ പരിചയപ്പെടുത്തുകയും ലഭ്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് സെമിനാറും അനുബന്ധകാര്യങ്ങളും സംഘടിപ്പിക്കുന്നത്. ഇവയെ ആധുനിക രീതിയില്‍ പരിരക്ഷിക്കുന്നതിനുള്ള സംവിധാനവും ഇതിന്റെ ഭാഗമായി ഒരുക്കും.
‘അറബിക് കയ്യെഴുത്ത് ഗ്രന്ഥങ്ങള്‍ :- ഭാഷയും സംസ്‌കാരങ്ങളും സഞ്ചരിച്ച വഴികള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന സെമിനാര്‍ ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ സി.എം അബ്ദുസമദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ. ശിഹാബുദ്ദീന്‍ ഹുദവി, ഡോ. അലി അക്ബര്‍ ഹുദവി എന്നിവര്‍ വിഷയാവതരണം നടത്തും. ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ചരിത്രവിഭാഗത്തിലെ റിസര്‍ച്ച് സ്‌കോളര്‍ മാഹിര്‍ അസ്സാഹിര്‍ മോഡറേറ്ററാവും. അസ്ലഹി നൈസാം ഹുദവി ആമുഖ പ്രസംഗവും അസ്ലഹി സുനൈസ് ഹുദവി ഉപസംഹാരവും നടത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷണ വിദ്യാര്‍ത്ഥികളും പണ്ഡിതരും പങ്കെടുക്കും.
