താനൂരില്‍ മാനുസ്‌ക്രിപ്റ്റ് പഠന- ഗവേഷണ കേന്ദ്രം യാഥാര്‍ത്ഥ്യമാവുന്നു

ദോഹ: ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജിനു കീഴില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനുസ്‌ക്രിപ്റ്റ് പഠന- ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന പദ്ധതിക്ക് തിങ്കളാഴ്ച ദോഹയില്‍ തുടക്കമായി. ഇസ്ലാഹുല്‍ ഉലൂം മിഷന്‍ 2030 പദ്ധതിയുടെയും ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പത്താം വാര്‍ഷികത്തിന്റെയും ഭാഗമായി ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചുചേര്‍ന്ന അന്താരാഷ്ട്ര സെമിനാറോടെയാണ് താനൂര്‍ വലിയകുളങ്ങര പള്ളിയോട് ചേര്‍ന്ന് പ്രത്യേക പഠന കേന്ദ്രം സ്ഥാപിക്കുന്ന പദ്ധതിക്ക് സമാരംഭം കുറിച്ചത്.
ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെമിനാര്‍ ഹാളില്‍ ‘അറബിക് കയ്യെഴുത്ത് ഗ്രന്ഥങ്ങള്‍ :- ഭാഷയും സംസ്‌കാരങ്ങളും സഞ്ചരിച്ച വഴികള്‍’ എന്ന പ്രമേയത്തില്‍ നടന്ന സെമിനാര്‍ ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ സി.എം അബ്ദുസമദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. ശിഹാബുദ്ദീന്‍ ഹുദവി, ഡോ. അലി അക്ബര്‍ ഹുദവി എന്നിവര്‍ വിഷയാവതരണം നടത്തി. ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ചരിത്രവിഭാഗത്തിലെ റിസര്‍ച്ച് സ്‌കോളര്‍ മാഹിര്‍ അസ്സാഹിര്‍ മോഡറേറ്ററായിരുന്നു. അസ്ലഹി നൈസാം ഹുദവി ആമുഖ പ്രസംഗവും അസ്ലഹി സുനൈസ് ഹുദവി ഉപസംഹാരവും നടത്തി.
ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ചരിത്ര വിഭാഗം തലവന്‍ ഇസ്സാം നസ്സാര്‍, അസി. പ്രൊഫസര്‍ അബ്ദുറഹ്‌മാന്‍ അല്‍ ഇബ്രാഹിം എന്നിവരും ഖത്തര്‍ നാഷണല്‍ ലൈബ്രറി, അല്‍ ജസീറ പ്രതിനിധികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥികളും സെമിനാറില്‍ സന്നിഹിതരായിരുന്നു. താനൂരിലെ കയ്യെഴുത്തു ഗ്രന്ഥങ്ങളുടെ ശേഖരത്തില്‍ കൗതുകം പ്രകടിപ്പിച്ച ഇവര്‍ മാനുസ്‌ക്രിപ്റ്റ് പഠന- ഗവേഷണ കേന്ദ്രത്തിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം നല്‍കുകയും ചെയ്തു.


