IM Special
ക്രിസ്മസ് കാൻവാസ്

രോഷ്നി കൃഷ്ണൻ
ക്രിസ്മസ് ഒരു കാൻവാസാണ്
നിശ്ശബ്ദമായ രാത്രിയെ
ഇരുണ്ട നീലയിൽ ഞാൻ വരയ്ക്കുന്നു
അതിനുമുകളിൽ
ഒരു നക്ഷത്രം
പ്രകാശത്തിന്റെ ത്രികോണ വര
പുൽക്കൂട്ടിലെ കുഞ്ഞിനെ
ഞാൻ വരയ്ക്കുന്നത്
രേഖകളാൽ അല്ല,
പ്രതീക്ഷകളാൽ ആണ്
അവന്റെ പുഞ്ചിരിയിൽ
മനുഷ്യരാശിയുടെ
നാളെയെ ഞാൻ കാണുന്നു.
ക്രിസ്മസ് മരത്തിൽ
തൂങ്ങുന്ന അലങ്കാരങ്ങൾ
ഞാൻ ലയിപ്പിക്കുന്ന
വർണ്ണക്കൂട്ടുകളാണ്
കരോൾ ഗാനങ്ങൾ
സംഗീതമല്ല,
അവ ഹൃദയത്തിൽ
വിരിയുന്ന താളങ്ങളാണ്.
ഓരോ സ്വരവും
ഇന്നലെകളെ മായ്ക്കുന്ന
ഒരു ബ്രഷ് സ്ട്രോക്ക്.
സമ്മാനങ്ങൾ തുറക്കുമ്പോൾ
ഞാൻ അന്വേഷിക്കുന്നത്
അതിന്റെ വിലയല്ല
ഹൃദയത്തിൽ കൈമാറിയ
സ്നേഹത്തിന്റെ കെയൊപ്പാണ്
ക്രിസ്മസ് എനിക്ക്
പൂർത്തിയായ ഒരു ചിത്രം അല്ല,
എപ്പോഴും വരയ്ക്കാൻ കൊതിക്കുന്ന
സ്നേഹത്തിന്റെ കൊളാഷ് ആണ്
പ്രത്യാശയുടെ ഒരു കലാനുഭവമാണ്.


