പരമയോഗ്യനായ സുഹൃത്ത്

ഡോ. അലി ജാഫര്‍ മുണ്ടേരി
‘ഏത് അര്‍ദ്ധരാത്രിയിലും അതിന് ശേഷവും എന്താവശ്യം ഉണ്ടെങ്കിലും നിങ്ങള്‍ക്കെന്നെ വിളിക്കാം കെട്ടോ’ എന്ന് നമ്മളോട് ഒരിക്കലെങ്കിലും പറഞ്ഞ ഒരാളെ,നമ്മളെത്രമാത്രം സ്നേഹത്തിലും ആദരവിലും ആയിരിക്കും കാണുക ?
ഒരു പക്ഷെ, നമ്മള് അപ്പോള്‍ അനുഭവിക്കുന്ന ആ വിഷയത്തിലോ വിഷമത്തിലോ ആ വ്യക്തിക്ക് വല്ലാതൊന്നും ചെയ്യാന്‍ കഴിയില്ലായെന്ന് നമുക്കറിയാം.
എങ്കിലും,നമ്മളെപ്പോലെയോ, നമ്മളേക്കാള്‍ ദുര്‍ബലനോ ആയ ഒരു മനുഷ്യന്റെ ഒറ്റപ്പെട്ട അത്തരം സംസാരവും സമീപനവും, നമുക്ക് ആ സമയത്ത് നല്കുന്ന ആശ്വാസവും സമാധാനവും ചെറുതായിരിക്കില്ല.
എന്നാല്‍ ലോകരക്ഷിതാവ്, നമ്മളേയും നമുക്ക് വേണ്ടി സകലതിനേയും സൃഷ്ടിച്ചു സംവിധാനിക്കുന്ന, എല്ലാത്തിനും കഴിവുള്ള സ്രഷ്ടാവ്,
അനേകംതവണ, വിശുദ്ധ ഖുര്ആനിലൂടെയടക്കം നമ്മോട് തുറന്നു പറയുന്നു,
‘നിങ്ങളെന്നോട് ചോദിച്ചോളൂ, ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കാം…’
മാത്രമല്ല, നേരത്തെ,നമ്മള് ആ മനുഷ്യനെ ഇഷ്ടപ്പെടാന്‍ കാരണമായ അദ്ദേഹത്തിന്റെ സംസാരമായ, ‘ഏതര്‍ദ്ധരാത്രിയിലും നിങ്ങള്‍ക്കെന്നെ വിളിക്കാം’ എന്നതിനേക്കാള്‍ ആത്മാര്‍ത്ഥമായി ഒന്നിലേറെ തവണ സ്രഷ്ടാവ് പറഞ്ഞു,
‘രാത്രിയുടെ അന്ത്യയാമങ്ങളില്‍ നിങ്ങളെന്നെ വിളിച്ചോളൂ, തള്ളപ്പെടില്ല,ഉത്തരം തീര്‍ച്ചയാണ്….’
അര്‍ദ്ധരാത്രിയിലോ അതിന് ശേഷമോ നമ്മള് ഒരാളെ വിളിക്കുക വളരെ പ്രധാനപ്പെട്ട കാര്യം പറയാനായിരിക്കും,
മാത്രമല്ല, ഏറ്റവും അടുത്ത ആളുകള്‍ക്ക് മാത്രമേ നമ്മള് അത്തരം സമയങ്ങളില്‍ വിളിക്കുകയുമൊള്ളു,
ഇവിടെ രണ്ട് നിലക്കും ഇത് ഏറെ അനുയോജ്യം,
ഒന്ന്, സ്വര്‍ഗ്ഗത്തിന്റെ വിഷയമാണ്, രണ്ട്,വിളിക്കുന്നത് പടച്ചവനെയുമാണ്.
പ്രിയമുള്ളവരെ, ഏതെങ്കിലും ഒരു പ്രധാനി നമ്മളെ വിളിച്ച് ഒരു സഹായം, വാക്കിലൂടെ വാഗ്ദാനം ചെയ്താല്‍ പോലും നമുക്കെത്ര ആശ്വാസവും ആഹ്ളാദവുമായിരിക്കും ?
ഇവിടെ, ഇതിലും വലിയ പ്രധാനി ഇനിയില്ലല്ലോ….!?
നമുക്കേറെ വിശ്വാസമുള്ള, നമ്മള് ആദര്‍ശമായി കാണുന്ന, എല്ലാത്തിനും കഴിവുണ്ടെന്ന് നമ്മെ ആയിരം തവണ അനുഭവങ്ങളിലൂടെ ബോധിപ്പിച്ച ലോക രക്ഷിതാവ് ,
നോമ്പിന്റെ ഇനിയുള്ള പ്രധാന പകലുകളിലും പുണ്യരാവുകളിലടക്കം,നമ്മുടെ ചാരെ, നമ്മുടെ ആവശ്യങ്ങള്‍ക്കും ആവലാതികള്ക്കുമായി കാതോര്ത്തിരിക്കുമ്പോള്,
നാം അതിന് സമയം കണ്ടെത്തിയില്ലെങ്കില്‍, നമ്മിലെ ആശ്രദ്ധയോ അഹങ്കാരമോ രണ്ടിലൊന്നായിരിക്കാം അതിന് കാരണം,
അഹങ്കാരം വിശ്വാസിയുടെ അരികത്ത് പോലും ഉണ്ടാവാന്‍ പാടില്ലാത്ത ദുസ്വഭാവം ആണല്ലോ,
ഇനി അശ്രദ്ധയാണെങ്കില്‍, അശ്രദ്ധ എന്നതിന്റെ ഏറ്റവും അനുയോജ്യമായ എതിര്‍പദമാണ് സൂക്ഷ്മത,
ഈയൊരു നോമ്പുകാലത്ത്, നോമ്പിലൂടെ നാം നേടിയതും നേടേണ്ടതും സൂക്ഷ്മതയാണെന്നാണല്ലോ, നോമ്പ് നിര്‍ബന്ധമാക്കിയ സ്രഷ്ടാവ് തന്നെ പറഞ്ഞത്.
അവസരം അവസാനിച്ചിട്ടില്ല,മനസ്സ് മാത്രമെ ആവശ്യമുള്ളു ,
സമ്പത്തോ മറ്റാരുടെയെങ്കിലും ശുപാര്‍ശയോ മറ്റൊ ഒന്നും ആവശ്യമില്ലാത്ത ഈ അസുലഭ,അമൂല്യ അനുഗ്രഹം സ്വന്തമാക്കാന്‍ ഉറക്കില്‍ നിന്നും അല്‍പ്പ സമയം ഉണരാം,ഉള്ളു തുറന്ന് പ്രാര്‍ത്ഥിക്കാം.
യഥാര്‍ത്ഥ വിശ്വാസികളുടെ ഗുണങ്ങള്‍ പറയുന്നിടത്ത് വിശുദ്ധ ഖുര്‍ആനില്‍ പലഭാഗത്ത് ഈ കാര്യത്തെ അല്ലാഹു എടുത്ത് പറയുന്നുണ്ട്.
അതായത് ‘അവര്‍ രാത്രിയില്‍ നിന്നുള്ള സമയത്തെ ആരാധനക്കും പ്രാര്‍ത്ഥനക്കും വേണ്ടി ഉപയോഗിക്കും…..’
‘നിങ്ങെളെന്നോടു പ്രാര്‍ത്ഥിക്കു, ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കാം,എന്നോടുള്ള ആരാധനയെ (അവഗണിച്ച്), അഹങ്കരിക്കുന്നവര്‍ നാളെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യും…..’ (ഖുര്‍ആന്‍)
‘നബിയെ പറഞ്ഞ് കൊടുക്കുക, നിങ്ങളെന്നോട്ട് പ്രാര്‍ത്ഥിച്ചില്ലായെങ്കില്‍ ഞാന്‍ നിങ്ങളെ എങ്ങിനെ പരിഗണിക്കാനാണ്….!?’ (ഖുര്‍ആന്‍)


