Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

സുസ്ഥിരതയാണാവശ്യം

വേഗം കൂടുന്തോറും വേഗം പോരാ എന്ന് തോന്നുന്ന പുതുലോകം, സമയമില്ല എന്ന് പറയാൻ പോലും സമയമില്ലാത്ത പുതിയ കാലം. ജീവിതത്തിന് മാത്രമല്ല മരണത്തിലേക്കും ഇന്നധികവും എത്തിച്ചേരുന്നത് ഞൊടിയിടയിൽ .

​ഒറ്റരാത്രികൊണ്ട് വിസ്മയങ്ങൾ സംഭവിക്കുന്ന ‘ഇൻസ്റ്റന്റ്’ വിജയങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. പെട്ടെന്നുള്ള റിസൾട്ടുകളെയാണ് എല്ലാവർക്കും ആവശ്യം.

പ്രകൃതിയുടെ നിയമം മറ്റൊന്നാണ്; ഒരു വിത്ത് മരമാകുന്നതും നദി സമുദ്രത്തിൽ ചേരുന്നതും പെട്ടെന്നല്ല, മറിച്ച് ഇടർച്ചയില്ലാത്ത തുടർച്ചയിലൂടെയാണ്.

​റമദാൻ നമ്മെ പഠിപ്പിക്കുന്നത് വെറുമൊരു തുടക്കമല്ല, മറിച്ച് തുടങ്ങിയ കാര്യങ്ങൾ കൃത്യതയോടെ മുന്നോട്ട് കൊണ്ടുപോകാനാണ്. മനഃശാസ്ത്രം പറയുന്ന ‘ഹാബിറ്റ് ഫോർമേഷൻ’ എന്ന തത്വത്തിന്റെ അടിസ്ഥാനവും ഇതുതന്നെ.

പെട്ടെന്നുള്ള ​വലിയ മാറ്റങ്ങളെ മസ്തിഷ്കം ഭയപ്പെടുമ്പോൾ ചെറിയ ചുവടുവെപ്പുകളെ അത് എളുപ്പത്തിൽ സ്വീകരിക്കുന്നു. “ചെറുതാണെങ്കിലും സ്ഥിരമായി ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ കർമ്മം,” എന്ന പ്രവാചക വചനം ലോകത്തെ ഏറ്റവും വലിയ പ്രൊഡക്ടിവിറ്റി പാഠമാണ്.

​വിജയം എന്നത് ഒരു കുതിച്ചു ചാട്ടമല്ല, അത് ഓരോ ദിവസവും നാം നടത്തുന്ന കൃത്യമായ ചുവടുവെപ്പുകളുടെ ആകെത്തുകയാണത്. ആയിരം അത്ഭുതങ്ങളെക്കാൾ മഹത്തരമാണ് നിലപാടുകളിൽ ക്ഷമയോടെ ഉറച്ചുനിൽക്കുന്നത്.

​ഇന്ന് ലോകം ചർച്ച ചെയ്യുന്ന, ‘ദിവസവും ഒരു ശതമാനം മെച്ചപ്പെടുക’ എന്ന വിജയതന്ത്രം നൂറ്റാണ്ടുകൾക്ക് മുൻപേ ‘ഇസ്തിഖാമ’യിലൂടെ ഇസ്‌ലാം പഠിപ്പിച്ചു കഴിഞ്ഞു. വാക്കും പ്രവൃത്തിയും ഒന്നാകുന്നിടത്താണ് ഒരു വ്യക്തിത്വത്തിന്റെ അടിത്തറ രൂപപ്പെടുന്നത്.

സെക്കൻ്റിനും മിനുട്ടിനും വലിയ വിലയുള്ള പുതിയലോകത്താണ്, ഒരു മാസമെന്ന വലിയ സമയമെടുത്ത് നോമ്പാചരിക്കുന്നത്.സ്ഥായിയായ മാറ്റങ്ങൾക്കും നേട്ടങ്ങൾക്കും സാവകാശത്തിലൂടെയുള്ള സമീപനം വേണമെന്നതാണ് നോമ്പിലൂടെ ബോധിപ്പിക്കുന്നത്.

​റമദാൻ കാലത്ത് നാം സാവകാശം ശീലിച്ച നന്മകൾ, ആവേശത്തിന് പിന്നാലെ പൊടുന്നനെ കെട്ടുപോകാതെ, ജീവിതകാലം മുഴുവൻ മുടങ്ങാതെ കൊണ്ടുപോകുന്നതിലാണ് ഒരു വിശ്വാസിയുടെ നോമ്പിൻ്റെ യഥാർത്ഥ വിജയം.

നോമ്പിൻ്റെ ഭാഗമായുള്ള മുഴുവൻ കാര്യങ്ങളിൽ കൂടിയും നേടിയ ഫലമായ ക്ഷമയിലൂടെ, നോമ്പിന് ശേഷമുള്ള കാലത്തും ഈ നൻമകളെ ക്ഷമ കേടില്ലാതെ തുടരാൻ കഴിയുന്നിടത്താണ് നോമ്പിൻ്റെ നേട്ടം…

Related Articles

Back to top button