നോമ്പറിയിച്ചത്

ഡോ. അലി ജാഫര് മുണ്ടേരി
കേവലം ഒരു നോമ്പ് പൂർത്തിയാക്കാൻ എത്ര വൈരുധ്യങ്ങളെ ചേർത്തു നിർത്തണം…!
എഴുന്നേൽക്കാനും ഒന്നും കഴിക്കാനും തോന്നാത്ത അത്താഴത്തിൻ്റെ നാലുമണി,എന്തും കഴിക്കാൻ റെഡി എന്ന് ശരീരം മുഴുക്കെ പറയുന്ന, അസ്തമയത്തിൻ്റെ നാലുമണിയും…!
ഒഴിഞ്ഞ വയർ ഭാരമാവുന്ന ഒരു സമയം, നിറഞ്ഞ വയറിന് അതിനേക്കാൾ ഭാരമെന്ന് ബോധിപ്പിക്കുന്ന മറ്റൊരു സമയം…
ഭക്ഷണത്തിൻ്റെ രുചിയേക്കാൾ, വിശപ്പിൻ്റെ അളവാണ് സ്വാദ് അധികരിപ്പിക്കുന്നതെന്ന് നോമ്പറിയിക്കുന്നു. ദാഹമാണ് വെള്ളത്തിനുള്ള മോഹത്തെ വർധിപ്പിക്കുന്നതെന്നും വെയിലിൻ്റെ ഊക്കാണ് തണലിലേക്കൂന്നാൻ താത്പര്യം നൽകുന്നതെന്നും നോമ്പറിയിക്കുന്നു .
സ്വപ്നം കാണാൻ പോലും ഇട നൽകാത്തവിധം എല്ലാം കൺമുന്നിൽ കുമിഞ്ഞുകൂടുന്ന പുതിയ കാലത്ത്, പുതു തലമുറക്ക് ഒന്നിനോടും പ്രത്യേക കൗതുകം തോന്നാത്തത് സ്വാഭാവികം .
ചില വൈകലുകളും ഇല്ലായ്മകളും പിന്നീട് വലിയ സന്തോഷത്തിനും സംതൃപ്തിക്കും വേദിയൊരുക്കുമെന്ന് നോമ്പറിയിക്കുന്നു .
നോമ്പ്, ജീവിതത്തിന് ചില അർത്ഥങ്ങളുണ്ടെന്നതിനെ, അനുഭവത്തിലൂടറിയിക്കുന്നു.
നോമ്പുകാലമില്ലെങ്കിൽ ഒരിക്കലും വിശപ്പറിയാതിരിക്കാൻ മാത്രം സൗകര്യമുള്ള പുതുകാലത്തെ തലമുറക്ക് മുന്നിൽ, നോമ്പ്, ഏറ്റവും ഹതഭാഗ്യനായ ഒരു പാവപ്പെട്ടവൻ അനുഭവിക്കുന്ന വിശപ്പിനെ ഒട്ടും മറയില്ലാതെ ഏവരെയും അനുഭവിപ്പിക്കുന്നു..
ദാഹത്തെ നിരീക്ഷിക്കാനും മോഹത്തെ നിയന്ത്രിക്കാനും ഈ അതിസ്വാതന്ത്ര്യ കാലത്ത് നോമ്പല്ലാതെ വേറെന്തുണ്ട്..?
എത്ര വലുതായാലും ഒരു മരം ഒരിക്കലും കാടാകില്ല,പൂവുകളുടെ വൈപുല്ല്യമാണ് പൂന്തോട്ടത്തെ ആകർഷകമാക്കുന്നത്,പല നിറങ്ങളാണ് മഴവില്ലിനെ മനോഹരമാക്കുന്നത്….
വൈരുധ്യങ്ങളെ ഉൾകൊള്ളാം, വൈജാത്യങ്ങളെ ചേർത്തു നിർത്താം, സൗഹൃദങ്ങളിലും സമ്പർക്കങ്ങളിലും…
രാജ്യാതിർത്തികളും അകലങ്ങളും അശേഷം മായുകയും, എല്ലാം എല്ലാവർക്കും എത്തിപ്പിടിക്കാംവിധം സാങ്കേതിക സൗകര്യങ്ങളുടെ സമ്പന്ന കാലത്തും, ഒന്നായി കാണാതെ, ഒറ്റക്കായി കാണാനുള്ള പുതിയ കാലത്തിൻ്റെ കുത്സിത കുബുദ്ധികളെ കുഴിച്ചുമൂടുന്നതു കൂടിയാണ് നോമ്പും നോമ്പിൻ്റെ ഭാഗമായുള്ള ഇഫ്താറും ഫിത്വർ സക്കാത്തടക്കമുള്ളവയും .
നോമ്പനുഷ്ഠിക്കുന്നവരുമായി ചേർന്നു നിൽക്കുന്ന വിശപ്പിലൂടെയും ദാഹത്തിലുടെയും മറ്റു വികാരങ്ങളിലൂടെയും വിഷമങ്ങളിലൂടെയും നോമ്പ് നിശബ്ദമായി പറയുന്നത്,ചേർത്തു നിർത്തേണ്ട ബന്ധങ്ങളെ കുറിച്ചു കൂടിയാണ് .
“മനുഷ്യരെ, നിങ്ങളെ നാം സൃഷ്ടിച്ചത് ഒരാണിൽ നിന്നും പെണ്ണിൽ നിന്നും, നിങ്ങളെ ഗോത്രങ്ങളും വിഭാഗങ്ങളും ആക്കിയത് നിങ്ങൾ പരസ്പരം തിരിച്ചറിയാൻ വേണ്ടി, നിങ്ങളിൽ ഏറ്റവും നല്ലവർ ഏറ്റവും ദൈവബോധം ഉള്ളവർ….” (ഖുർആൻ)


