സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിന് ഉജ്വല തുടക്കം, ഖത്തര്‍ പവലിയന് വിദേശകാര്യ മന്ത്രി ഉദ്ഘാടനം ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : 24-ാമത് സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിന് റഷ്യന്‍ തുറമുഖ നഗരത്തില്‍ ഉജ്വല തുടക്കം. ഫോറത്തിലെ വിശാലമായ ഖത്തര്‍ പവലിയന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍ ഥാനി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ ഖത്തര്‍ ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈതി, വാണിജ്യ, വ്യവസായ മന്ത്രിയും ആക്ടിംഗ് ധനമന്ത്രിയുമായ അലി ബിന്‍ അഹമ്മദ് അല്‍ കുവാരി, ഊര്‍ജ്ജകാര്യ സഹമന്ത്രി സഅദ് ഷെരീദ അല്‍ കഅബി എന്നിവര്‍ പങ്കെടുത്തു.
റഷ്യന്‍ ഫെഡറേഷനുമായുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതിന്റെ ഫലമായാണ് സമ്മേളനത്തില്‍ ഖത്തറിന്റെ ശക്തമായ പങ്കാളിത്തം എന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് പ്രസംഗത്തില്‍ പറഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, നിക്ഷേപം, സാംസ്കാരിക, കായിക മേഖലയിലെ സമീപകാലത്തെ പുരോഗതി ആശാവഹമാണ്. റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ ശക്തിയില്‍ ഖത്തറിന് ആത്മവിശ്വാസമുണ്ടെന്നും സഹകരണം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി വ്യാപാരത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.