
ഖത്തറിലെത്തുന്ന യാത്രക്കാരില്‍ റാന്‍ഡം കോവിഡ് പരിശോധനകള്‍ നടത്താനൊരുങ്ങി പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. യാത്രക്കാരുടെയും സമൂഹത്തിന്റെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ഖത്തറിന്റെ സമഗ്ര പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുജനാരോഗ്യ മന്ത്രാലയം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മെഡിക്കല്‍ ടീമുകള്‍ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഖത്തറിലെത്തുന്ന യാത്രക്കാരില്‍ റാന്‍ഡം കോവിഡ് പരിശോധനകള്‍ നടത്താനൊരുങ്ങുന്നു. യാത്രക്കാരുടെ ഒരു ചെറിയ വിഭാഗത്തെ ക്രമരഹിതമായ രീതിയിലുള്ള പരിശോധനകള്‍ക്ക് വിധേയമാക്കും.
റാന്‍ഡം പരിശോധനയില്‍ ഏത് യാത്രക്കാരനും ഉള്‍പ്പെടാം. 72 മണിക്കൂറിനുള്ളിലെ നിര്‍ബന്ധിത പ്രീ-ട്രാവല്‍ പിസിആര്‍ ടെസ്റ്റും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനും പുറമേയാണിത്. ക്രമരഹിതമായ സാമ്പിളിന്റെ ഭാഗമാകാന്‍ തിരഞ്ഞെടുത്തടുത്തവരെ ടെര്‍മിനലിനുള്ളിലെ മെഡിക്കല്‍ ടീമുകള്‍ വിവരമറിയിക്കും. മെഡിക്കല്‍ ടീമുകള്‍ നിങ്ങളോട് പിസിആര്‍ പരിശോധന നടത്താന്‍ ആവശ്യപ്പെടും. ഈ പരിശോധന സൗജന്യമാണ്, കുറച്ച് മിനിറ്റുകള്‍ മാത്രമേ എടുക്കൂ.
പരിശോധന കഴിഞ്ഞാല്‍ ഖത്തറിലേക്ക് പ്രവേശിക്കാം. പിസിആര്‍ പരിശോധനാ ഫലം പ്രോസസ്സ് ചെയ്യുമ്പോള്‍ ഇഹ്തിറാസില്‍ സ്റ്റാറ്റസ് പച്ചയായി തുടരും. 24 മണിക്കൂറിനുള്ളില്‍ പിസിആര്‍ പരിശോധനാ ഫലം എസ്.എം. എസ് ആയി വരും. പിസിആര്‍ ടെസ്റ്റില്‍ ഫലം പോസിറ്റീവാകുന്ന യാത്രക്കാര്‍ ആവശ്യമായ നടപടികളെക്കുറിച്ച് വിവരമറിയിക്കും.