ഖത്തറില്‍ നോണ്‍-കോവിഡ് ആശുപത്രികള്‍ക്കുള്ള സന്ദര്‍ശക നയം പരിഷ്‌ക്കരിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ നോണ്‍-കോവിഡ് ആശുപത്രികള്‍ക്കുള്ള സന്ദര്‍ശക നയം പരിഷ്‌ക്കരിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. പുതുക്കിയ നയമനുസരിച്ച് ഇന്ന് മുതല്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ നോണ്‍-കോവിഡ് ആശുപത്രികള്‍ സന്ദര്‍ശിക്കാനുള്ള സമയം ദിവസവും ഉച്ചയ്ക്ക് 12.30 മുതല്‍ രാത്രി 8 വരെയാണ്.
സന്ദര്‍ശകര്‍ക്ക് ഇഹ്തിരാസില്‍ സ്റ്റാറ്റസ് പച്ചയായിരിക്കണം, മാസ്‌ക് ധരിക്കണം, പ്രവേശനത്തിന് മുമ്പ് ശരീരോഷ്മാവ് പരിശോധിക്കണം എന്നീ നിബന്ധനകളോടെയാണ് പ്രവേശനം അനുവദിക്കുന്നത്.
ഒരു സമയത്ത് ഒരു സന്ദര്‍ശകനേ പാടുള്ളൂ. പരമാവധി ഒരു മണിക്കൂറായിരിക്കും സന്ദര്‍ശന സമയം. പൊതു സന്ദര്‍ശന സമയങ്ങളില്‍ ഒരു ദിവസം പരമാവധി 3 സന്ദര്‍ശകരെയാണ് അനുവദിക്കുക. എസ്‌കോര്‍ട്ടുകള്‍ അനുവദനീയമല്ല. ഭക്ഷണം, പൂക്കള്‍, പാനീയങ്ങള്‍, ചോക്ലേറ്റുകള്‍ എന്നിവ ആശുപത്രികളിലേക്ക് കൊണ്ടുവരാന്‍ അനുവാദമില്ല. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും രോഗികളെ കാണാന്‍ അനുവാദമില്ല.
കോവിഡ് ആശുപത്രികളായ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ഹസം മെബൈറീക്ക് ജനറല്‍ ആശുപത്രി, ക്യൂബന്‍ ആശുപത്രി, മിസഈദ് ആശുപത്രി എന്നിവിടങ്ങളില്‍ സന്ദര്‍ശനം കണിശമായും നിരോധിച്ചിരിക്കുന്നു.