സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്കു മാറ്റുന്നത് സംബന്ധിച്ച് ആലോചിക്കുന്നതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : സവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്കു മാറ്റുന്നത് സംബന്ധിച്ച് ആലോചിക്കുന്നതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെ പ്ളാനിംഗ് ആന്റ് ക്വാളിറ്റി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ഖാലിദ് അബ്ദുല്‍ അസീസ് അല്‍ മുഹന്നദിയെ ഉദ്ധരിച്ച് പെനിന്‍സുല പത്രം റിപ്പോര്‍ട്ട് ചെയ്തതാണിത്.
പൊതുജനങ്ങള്‍ക്കുവേണ്ടിയുള്ള സേവനങ്ങള്‍ ലളിതവും കുറ്റമറ്റതുമാക്കുന്നതിനുള്ള ശ്രമത്തിലാണ് ആഭ്യന്തര മന്ത്രാലയം. മെത്രാഷ് 2 പ്രോഗ്രാം നിരവധി സേവനങ്ങള്‍ എളുപ്പമാക്കാന്‍ സഹായകമായി. മിക്ക സേവനങ്ങളും മൊബൈല്‍ ഫോണിലൂടെ അനായാസം ചെയ്യാമെന്നതാണ് മെട്രാഷ് 2 ന്റെ പ്രത്യേകത. സാങ്കേതിക രംഗത്തെ പുരോഗതിയുടെ പ്രയോജനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും വൈകാതെ ഓണ്‍ലൈനില്‍ ലഭ്യമാക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഖത്തര്‍ റേഡിയോയുടെ പ്രത്യേക പരിപാടിയിലാണ് അല്‍ മുഹന്നദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജനങ്ങള്‍ക്കും ഏറ്റവും എളുപ്പത്തിലും സുതാര്യമായും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം മുന്‍ഗണന നല്‍കുന്നത്. എല്ലാ ഇടപാടുകളും പേപ്പര്‍ രഹിതമാക്കലാണ് ലക്ഷ്യം.
ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി മന്ത്രാലയം ആവിഷ്‌കരിച്ച നയങ്ങള്‍ കോവിഡ് കാലത്ത് ഏറെ പ്രയോജനം ചെയ്തു. ഓണ്‍ ലൈന്‍ സേവനങ്ങളുടെ ഏറ്റവും വലിയ നേട്ടമാണത്.
2011-16 കാലത്ത് സുരക്ഷക്കും കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിനുമാണ് മന്ത്രാലയം പ്രാധാന്യം നല്‍കിയത്. ഇതു പിന്നീട് ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലെത്തുകയും അടിയന്തിരമായ ഫലമുണ്ടാക്കുകയും ചെയ്തു.
മേഖലാടിസ്ഥാനത്തിലും അന്തര്‍ദേശീയ തലത്തിലും മികച്ച മാതൃക കാണിക്കുന്ന മുന്‍ നിര രാജ്യമാവുകയെന്നതാണ് ലക്ഷ്യം. സുരക്ഷ, സേവനം, ഭരണം, പൊതുസമ്പര്‍ക്കം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ 10 ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് മന്ത്രാലയം മുന്നോട്ടുപോകുന്നത്. ജനങ്ങളുടെ സുരക്ഷിതത്വത്തിനും കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിനുമാണ് എല്ലാ പദ്ധതികളും മുന്‍തൂക്കം നല്‍കുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തി കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാണ് മന്ത്രാലയം ശ്രദ്ധിക്കുന്നത്. മന്ത്രാലയത്തിന്റെ സ്ട്രാറ്റജിയില്‍ ഫിഫ ലോകകപ്പിന് വലിയ പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്.