Archived Articles

ആശങ്കക്ക് വിട; കരിപ്പൂരില്‍ റണ്‍വെ വെട്ടിച്ചുരുക്കല്‍ ഇല്ല

അമാനുല്ല വടക്കാങ്ങര

ദോഹ. ആശങ്കക്ക് വിട; കരിപ്പൂരില്‍ റണ്‍വെ വെട്ടിച്ചുരുക്കല്‍ ഇല്ല. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ വെട്ടിക്കുറക്കുന്നത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പരിഗണയിലില്ലെന്ന് കോഴിക്കോട് എം.പി. എം.കെ.രാഘവന്റെ ചോദ്യത്തിന് കേന്ദ്ര വ്യാമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രേഖാ മൂലം മറുപടി നല്‍കി.

ഇതോടെ, ഈ വിഷയവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന ആശങ്കക്ക് അറുതിയായി. നേരത്തെ, കേരളത്തിലെ മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളും ഒപ്പിട്ട നിവേദനം മന്ത്രിക്ക് സമര്‍പ്പിച്ച് നടത്തിയ ചര്‍ച്ചയില്‍ റണ്‍വെയുടെ നീളം കുറക്കുന്ന നടപടി ഉണ്ടാവില്ലെന്ന് ഉറപ്പു നല്‍കിയിരുന്നു. മന്ത്രി നല്‍കിയ ഉറപ്പ് പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയത് വഴി എല്ലാവിധ ആശങ്കകളും ദൂരികരിച്ചതായാണ് വിലയിരുത്തുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു.

കരിപ്പൂര്‍ വിമാന ദുരന്തം സംബന്ധിച്ച് എയര്‍പോര്‍ട്ട് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സമര്‍പ്പിച്ച 43 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനായി ഉണ്ടാക്കിയ കമ്മറ്റി നിരവധി തവണ ചേരുകയും അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.റിപ്പോര്‍ട്ടില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ എയര്‍ പോര്‍ട്ട് വികസനത്തിന് ഏറെ ഉപയുക്തമാവും.
ജനപ്രതിനിധികളുടെയും എയര്‍പോര്‍ട്ട് വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും നിതാന്ത പരിശ്രമങ്ങള്‍ക്ക് ഫലം കാണുന്നുവെന്നത് സന്തോഷകരമാണ്.

Related Articles

Back to top button
error: Content is protected !!