Archived Articles

വിജയകരമായ കോവിഡ് പ്രതിരോധത്തിന്റെ 2 വര്‍ഷം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഇന്ന് വിജയകരമായ കോവിഡ് പ്രതിരോധത്തിന്റെ 2 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 2020 ഫെബ്രുവരി 29നാണ് ഖത്തറില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാനില്‍ നിന്നും തിരിച്ചെത്തിയ 36 കാരനായ സ്വദേശി പൗരനിലാണ് അന്ന് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതുമുതല്‍ ലോകോത്തര പ്രതിരോധ പ്രവര്‍ത്തനങ്ങളുമായാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം മുന്നോട്ടു പോയത്. രോഗികള്‍ക്ക് പ്രത്യേക ക്വാറന്റൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയും സാമൂഹ്യ വ്യാപനം നടക്കാതെ നോക്കുകയും ചെയ്ത ഖത്തര്‍ മികച്ച ആരോഗ്യ പരിരക്ഷ നല്‍കിയാണ് ജനങ്ങളെ പരിചരിച്ചത്. കോവിഡ് പ്രതിരോധ നിയന്ത്രണ രംഗത്തെ സുപ്രധാന നേട്ടമായ ഇഹ്തിറാസ് ആപ്പ് ഗള്‍ഫ് മേഖലയില്‍തന്നെ ഈ രംഗത്തുള്ള ആദ്യ ചുവടുവയ്പ്പ് ആയിരുന്നു.
കോവിഡിന്റെ ആദ്യ തരംഗത്തില്‍ 2355 കേസുകളാണ് ഏറ്റവും ഉയര്‍ന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2020 മെയ് 30നായിരുന്നു അത്. 2021 ഏപ്രില്‍ 13ന് രണ്ടാം തരംഗത്തിന്റെ പീക്ക് റിപ്പോര്‍ട്ട് ചെയ്തത് 981 കേസുകളായിരുന്നു. കോവിഡിന്റെ ഡെല്‍റ്റാ വകഭേദം 2021 ആദ്യം മുതല്‍തന്നെ ലോകത്തെ ഭീഷണിപ്പെടുത്തി എങ്കിലും മൂന്നുനാലു മാസം കഴിഞ്ഞ് ആഗസ്റ്റോടെയാണ് ഡെല്‍റ്റാ വകഭേദം ഖത്തറില്‍ കണ്ടെത്തിയത്.
2022 ജനുവരിയില്‍ ഒമിക്രോണ്‍ വകഭേദം ലോകത്തെയാകമാനം പിടിച്ചുലച്ചപ്പോള്‍ ഖത്തറിനെയും വല്ലാത്ത പ്രതിരോധത്തിലാഴ്ത്തി. ജനുവരി 12ന് 4206 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഏറ്റവും ഉയര്‍ന്ന കേസ്.
ലോകാടിസ്ഥാനത്തില്‍ തന്നെ കോവിഡിനെ പ്രതിരോധിച്ച മികച്ച 15 രാജ്യങ്ങളില്‍ സ്ഥാനം പിടിച്ച ഏക അറബ് രാജ്യമാണ് ഖത്തര്‍. 2020 മാര്‍ച്ച് 28നാണ് ഖത്തറില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചത്. അവിടുന്നങ്ങോട്ട് 668 പേര്‍ കോവിഡ് കാരണം മരണത്തിന് കീഴടങ്ങി. ലോകാടിസ്ഥാനത്തില്‍തന്നെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് ഇത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അനുബന്ധ വകുപ്പുകളും സഹകരിച്ചുകൊണ്ടുള്ള നടപടികളാണ് കോവിഡ് പ്രതിരോധത്തിന് ഏറെ സഹായകമായത്. കോവിഡിന് വാക്‌സിന്‍ കണ്ടുപിടിച്ച ആദ്യ നാളുകളില്‍തന്നെ ഏറ്റവും മികച്ച വാക്‌സിന്‍ ലഭ്യമാക്കുകയും ദേശീയ വാക്‌സിനേഷന്‍ പ്രോഗ്രാമിലൂടെ സ്വദേശി വിദേശി വിത്യാസമില്ലാതെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയും ചെയ്താണ് കോവിഡിനെതിരെയുള്ള ശക്തമായ പ്രതിരോധം തീര്‍ത്ത് ഖത്തര്‍ ആരോഗ്യ രംഗത്ത് മാതൃക സൃഷ്ടിച്ചത്.
ഇന്ന് ഏകദേശം 88 ശതമാനം ജനങ്ങള്‍ മുഴുവനായും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. നല്ലൊരു ശതമാനം ആളുകള്‍ ബൂസ്റ്റര്‍ വാക്‌സിനേഷനുമെടുത്ത് കോവിഡിന്റെ ഏത് വകഭേദത്തെയും അതിജീവിക്കാനും നേരിടാനുമുള്ള ആരോഗ്യ സ്ഥിതിയിലാണുള്ളത്. ഖത്തര്‍ ആരോഗ്യമന്ത്രാലയത്തെയും അതിന്റെ പിന്നണി പോരാളികളെയും ആരോഗ്യരംഗത്തെ ജീവനക്കാരെയും എത്ര പ്രശംസിച്ചാലും മതിവരാത്ത മഹത്തായ സേവനത്തിലൂടെയാണ് രാജ്യത്തെ ഈ മഹാമാരിയില്‍ നിന്നും രക്ഷിച്ചത്.

Related Articles

Back to top button
error: Content is protected !!