ഖത്തറിലെ വിവിധ പ്രദേശങ്ങളിലായി 8 കാല്‍നട പാലങ്ങള്‍ പൂര്‍ത്തീകരിച്ച് അശ്ഗാല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ, നജ്മ, അല്‍ ഖലീജ്, അല്‍ ഇസ്തിഖ്ലാല്, അല്‍ ഫുറൂസിയ, ഒനൈസ, ദോഹ എക്സ്പ്രസ് ഹൈവേ, അല്‍ വുകെയര്‍ റോഡ്, സി-റിംഗ് റോഡ് എന്നിവിടങ്ങളിലെ എട്ട് കാല്‍നട പാലങ്ങള്‍ പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് അതോറിറ്റി ‘അശ്ഗാല്‍’ അറിയിച്ചു.
ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിലെ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയം, അല്‍ സദ്ദ് സ്പോര്‍ട്സ് ക്ലബ്ബിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം, അല്‍ അഹ്ലി സ്പോര്‍ട്സിലെ ഹമദ് ബിന്‍ ഖലീഫ സ്റ്റേഡിയം തുടങ്ങി ലോകകപ്പ് സമയത്ത് പരിശീലന സ്റ്റേഡിയമായി ഉപയോഗിക്കപ്പെടുന്ന സ്ഥലങ്ങളിലുളള ഈ പാലങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് അശ്ഗാല്‍ പൂര്‍ത്തിയാക്കിയത്.
അല്‍ ഫുറൂസിയ കാല്‍നട പാലം ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സന്ദര്‍ശിക്കുന്ന കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും സുരക്ഷിതമായി കടന്നുപോകാന്‍ കഴിയുന്ന തരത്തിലാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അല്‍ ഇസ്തിഖ്ലാല്, ഒനൈസ, അല്‍ ഫുറൂസിയ, ദോഹ എക്സ്പ്രസ്വേ, സി-റിങ് റോഡ്, അല്‍ ഖലീജ്, നജ്മ, അല്‍ വുകൈര്‍ എന്നീ തെരുവുകളിലൂടെ ലെജ്ബൈലത്ത്, ഒനൈസ, മുഐതര്‍, അല്‍ മിര്‍ഖാബ്, അല്‍ സാദ്, ഫിരീജ് ബിന്‍ മഹമൂദ്, നുഐജ, അല്‍ വക്ര എന്നീ പ്രദേശങ്ങളിലേക്കും പാലങ്ങള്‍ സേവനം നല്കുന്നു.
ഉയര്‍ന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളെന്ന് കണ്ടതിനാലാണ് കാല്നടപാലങ്ങള്ക്കായി ഈ പ്രദേശങ്ങള്‍ തിരഞ്ഞെടുത്തതെന്നും ഗതാഗത മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെയാണ് അശ്ഗാല്‍ പദ്ധതികള്‍ നടപ്പാക്കിയതെന്നും അശ്ഗാലിലെ ബില്‍ഡിംഗ്സ് പ്രോജക്ട് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഫൈസല്‍ അല്‍ ഖഹ്താനി പറഞ്ഞു.