ലോകകപ്പിന് മുന്നോടിയായി തുര്‍ക്കി യുദ്ധക്കപ്പല്‍ ഖത്തറിലെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പിന് മുന്നോടിയായി തുര്‍ക്കി യുദ്ധക്കപ്പല്‍ ഖത്തറിലെത്തി. ഫിഫ 2022 ലോകകപ്പിന് സുരക്ഷ ഒരുക്കുന്നതിനായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം പങ്കാളികളുമായും സൗഹൃദ സേനകളുമായും ഒപ്പുവച്ച സഹകരണ കരാറിന് അനുസൃതമായി ഖത്തറിലെത്തിയ തുര്‍ക്കി ‘എഫ്-513 ബുര്‍ഗസാദ യുദ്ധക്കപ്പലിന് ഖത്തര്‍ അമീരി നാവിക സേന ഉമ്മുല്‍ ഹൂള്‍ നേവല്‍ ബേസില്‍ സ്വീകരണം നല്‍കി.
തുര്‍ക്കി പ്രതിനിധി സംഘത്തെ സ്വാഗതം സ്വീകരണത്തിനിടെ ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കപ്പല്‍ ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു.
ഊഷ്മളമായ സ്വീകരണത്തിന് തുര്‍ക്കി സൈന്യം പ്രതിരോധ മന്ത്രാലയത്തിന് നന്ദി പറയുകയും ലോകത്തെ മുന്‍നിര ടൂര്‍ണമെന്റ് സുരക്ഷിതമാക്കുന്ന സേനയില്‍ ചേരാനുള്ള ഉത്സാഹം പ്രകടിപ്പിക്കുകയും ചെയ്തു. തങ്ങളുടെ ദൗത്യം നിറവേറ്റാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.