ഏപ്രിലില്‍ 3,942 പുതിയ റിക്രൂട്ട്മെന്റ് അപേക്ഷകള്‍ തൊഴില്‍ മന്ത്രാലയം അംഗീകരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. 2023 ഏപ്രിലില്‍ പുതിയ റിക്രൂട്ട്മെന്റിനായി മന്ത്രാലയത്തിന് 3,996 അപേക്ഷകളാണ് ലഭിച്ചതെന്നും അതില്‍ 3,942 അപേക്ഷകള്‍ തൊഴില്‍ മന്ത്രാലയം അംഗീകരിച്ചതായും തൊഴില്‍ മന്ത്രാലയം 2023 ഏപ്രിലിലെ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രൊഫഷന് പരിഷ്ക്കരിക്കാനുള്ള മൊത്തം അഭ്യര്‍ത്ഥനകളുടെ എണ്ണം ഏകദേശം 2,087 ആയിരുന്നു, അതില്‍ 2,072 എണ്ണം അംഗീകരിക്കുകയും 15 നിരസിക്കുകയും ചെയ്തു.
ഏപ്രിലില്‍ ഏകദേശം 242 വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളാണ് മന്ത്രാലയത്തിന് ലഭിച്ചത്. അതില്‍ പെര്‍മിറ്റ് പുതുക്കുന്നതിനുള്ള 172 അപേക്ഷകളും ഇഷ്യൂ ചെയ്ത പെര്‍മിറ്റുകള്‍ റദ്ദാക്കുന്നതിനുള്ള 70 അപേക്ഷകളും ഉള്‍പ്പെടുന്നു.
തൊഴില്‍ പരാതികളുമായി ബന്ധപ്പെട്ട്, സ്ഥാപനത്തിനെതിരെ സ്ഥാപനത്തിലെ തൊഴിലാളികളില്‍ നിന്ന് തൊഴില്‍ തര്‍ക്ക പരിഹാര വകുപ്പിന് ഏകദേശം 785 പരാതികള്‍ ലഭിച്ചു, അതില്‍ 85 പരാതികള്‍ തീര്‍പ്പാക്കി, അവയില്‍ 8 എണ്ണം തൊഴില്‍ തര്‍ക്ക പരിഹാര സമിതികളിലേക്ക് റഫര്‍ ചെയ്തു, ഏകദേശം 692 പരാതികള്‍ നടപടി ക്രമത്തിലാണ്. ലേബര്‍ റിലേഷന്‍സ് വകുപ്പിന് പൊതുജനങ്ങളില്‍ നിന്ന് 162 പരാതികള്‍ ലഭിച്ചു, അവയെല്ലാം തീര്‍പ്പാക്കി.