തൊഴിലന്വേഷകര്‍ക്ക് കെയര്‍ ദോഹ ശില്‍പശാല സംഘടിപ്പിച്ചു
ദോഹ: ഖത്തറിലെ പ്രവാസി തൊഴിലന്വേഷകര്‍ക്കായി കെയര്‍ ദോഹ സംഘടിപ്പിച്ച റെസ്യൂം ബില്‍ഡിംഗ് വര്‍ക്ക്ഷോപ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേമായി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മത്സരാധിഷ്ഠിത തൊഴില്‍ വിപണിയിലെ സാധ്യതകള്‍ക്കും പ്രവണതകള്‍ക്കും അനുസൃതമായി നൂതനശൈലിയില്‍ മികച്ച ബയോഡാറ്റകള്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് തൊഴിലന്വേഷകര്‍ക്ക് വിദഗ്ധ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതായിരുന്നു ശില്‍പശാല. യൂത്ത് ഫോറം ഹാളില്‍ നടന്ന പരിപാടിയില്‍ എഴുപതിലേറെ പേര്‍ പങ്കെടുത്തു.
ജോലി അപേക്ഷകര്‍ക്ക് തങ്ങളുടെ യോഗ്യതകളും കഴിവുകളും തൊഴില്‍ പരിചയവും ഉയര്‍ത്തിക്കാട്ടി തൊഴില്‍ദാതാക്കളുടെ ശ്രദ്ധപിടിച്ചുപറ്റുന്ന തരത്തില്‍ ഫലപ്രദമായ റെസ്യൂമുകള്‍ നിര്‍മിക്കുന്നതിനുള്ള വിദ്യകളും നുറുങ്ങുകളും പങ്കുവെച്ച ശില്‍പശാലക്ക് പ്രശസ്ത കരിയര്‍ ഗൈഡ് സക്കീര്‍ ഹുസൈന്‍ നേതൃത്വം നല്‍കി. എ.ടി.എസ് സൗഹൃദ (അപ്ലിക്കന്റ് ട്രാക്കിംഗ് സിസ്റ്റം) ബയോഡാറ്റ തയാറാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
തൊഴില്‍ അഭിമുഖങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിനുള്ള വഴികള്‍, ലിങ്ക്ഡ്ഇന്‍ പോലുള്ള പ്ലാറ്റ്-ഫോമുകളില്‍ പ്രൊഫൈലുകള്‍ ഒരുക്കുന്നതിനുള്ള രീതികള്‍, കവര്‍ ലെറ്റര്‍ തയ്യാറാക്കല്‍, ചാറ്റ് ജിബിടി പോലുള്ള അതിനൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് റെസ്യൂമെ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ദിശാബോധം നല്‍കുന്നതായിരുന്നു ശില്‍പശാല. കെയര്‍ എക്സിക്യൂട്ടീവ് അംഗം റഷാദ് മുബാറക് അമാനുല്ല പരിപാടി നിയന്ത്രിച്ചു. കെയര്‍ ആക്ടിങ് ഡയറക്ടര്‍ അഹമദ് അന്‍വര്‍ അധ്യക്ഷത വഹിച്ചു. കെയര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നസീം, ഷക്കീബ്, ജാസിദ്, ഷംസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങളും പ്രോത്സാഹനവും നല്‍കുന്നതിന് യൂത്ത് ഫോറം ഖത്തറിന്റെ സംരംഭമാണ് കെയര്‍. കെയര്‍ ദോഹയുടെ ഭാവി പരിപാടികളെയും സേവനങ്ങളെയും കുറിച്ച് കൂടുതലറിയാന്‍ 33302213 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.