Uncategorized

അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് പ്രവാസി സുരക്ഷ പുരസ്‌കാരം


ദോഹ. പ്രവാസി ബോധവല്‍ക്കരണ രംഗത്ത് ആയിരം പ്രഭാഷണങ്ങള്‍ പൂര്‍ത്തിയാക്കിയ അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് മീഡിയ പ്‌ളസിന്റെ പ്രവാസി സുരക്ഷ പുരസ്‌കാരം. ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി കഴിഞ്ഞ ദിവസം സറായ കോര്‍ണിഷ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് മീഡിയ പ്‌ളസ് പ്രവാസി സുരക്ഷ പുരസ്‌കാരം നല്‍കി ആദരിച്ചത്. അക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി.എ. ശുക്കൂര്‍ കിനാലൂരും അല്‍ റഈസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹ് മദ് അല്‍ റഈസും ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

ഖത്തറിലും പുറത്തും ഓണ്‍ ലൈനിലും ഓണ്‍ എയറിലുമൊക്കെയായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സജീവമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഏറെ പ്രധാനപ്പെട്ട പ്രവാസി ക്ഷേമ മേഖലയിലാണ് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പലപ്പോഴും അവഗണിക്കുന്ന വിവിധ പ്രവാസി ക്ഷേമ പദ്ധതികള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരികയും അര്‍ഹരായ നൂറ് കണക്കിനാളുകളെ ഇത്തരം ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളാക്കിയും കേവലം ബോധവല്‍ക്കരണ പ്രഭാഷണമെന്നതിലുപരി പ്രായോഗിക നടപടികളാണ് അബ്ദുല്‍ റഊഫിന്റെ പ്രവര്‍ത്തനങ്ങളെ വ്യതിരിക്തമാക്കുന്നത്.

പ്രവാസി സംബന്ധമായ വിവരങ്ങളും നിയമ വശങ്ങളുമൊക്കെ പഠിച്ചും ഗവേഷണം നടത്തിയും നയനിലപാടുകള്‍ രൂപീകരിക്കുന്ന പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇതിനകം തന്നെ അബ്ദുല്‍ റഊഫ് ശ്രദ്ധ നേടിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാറില്‍ നിന്നും കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രവാസികളുടെ പ്രശ്‌നങ്ങളുമൊക്കെയാണ് മിക്കവാറും അബ്ദുല്‍ റഊഫിന്റെ പഠന മേഖല. കൂടാതെ മൈഗ്രേഷനുമായി ബന്ധപ്പെട്ടും സാമ്പത്തിക വിനിമയം സംബന്ധിച്ചും പൊതു വിഷയങ്ങളിലും അദ്ദേഹം സദാ ജാഗരൂകനാണ് . ആഴ്ചയില്‍ ഏഴ് ദിവസവും സജീവമായി പൊതുരംഗത്തുളള അദ്ദേഹത്തിന് പരിപാടിയില്ലാത്ത ദിനങ്ങള്‍ കുറയുമെന്നതാണ് യാഥാര്‍ഥ്യം. വാരാന്ത്യങ്ങളില്‍ പലപ്പോഴും ഒന്നിലധികം പരിപാടികളില്‍ സംബന്ധിക്കുന്ന അദ്ദേഹം സാമൂഹ്യ സേവനത്തില്‍ സായൂജ്യം കണ്ടെത്തുന്ന മലയാളി പൊതിപ്രവര്‍ത്തകനാണ്.

2016 ഓഗസ്റ്റ് മാസത്തില്‍ ഖത്തര്‍ കെഎംസിസി ഹാളില്‍ ആണ് ഈ പരിപാടിയുടെ ആദ്യ പ്രഭാഷണം അരങ്ങേറിയത്. നോര്‍ക്കയും പദ്ധതികളും പിന്നെ നമ്മളും എന്ന വിഷയ സംബന്ധമായി നടന്ന റേഡിയോ പ്രോഗ്രാമിനെ തുടര്‍ന്ന് കെഎംസിസി അധ്യക്ഷനായിരുന്ന എസ്.എ..എം. ബഷീറിന്റെ നിര്‍ദേശാനുസരണം കെ.എം.സി.സി ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ അഞ്ഞൂറിലധികം പേരാണ് പങ്കെടുത്തത്. തുടര്‍ന്നങ്ങോട്ട് നിരന്തരമായി പല വേദികളിലും കേരള കേന്ദ്ര സര്‍ക്കാരുകളുടെയും പദ്ധതികള്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് കേരളത്തിലും ഖത്തറിലും നേരിട്ടും മറ്റു പല രാജ്യങ്ങളിലുള്ളവര്‍ക്കായി ഓണ്‍ലൈന്‍ വഴിയും പ്രസംഗിക്കാനും ക്‌ളാസുകളെടുക്കാനുമുള്ള അവസരം അബ്ദുല്‍ റഊഫിനെ തേടിയെത്തുകയായിരുന്നു.

ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍, ഇന്റര്‍നാഷണല്‍ ലാബര്‍ ഓര്‍ഗനൈസേഷന്‍ എന്നിവ ഓണ്‍ ലൈനായി നടത്തുന്ന നിരവധി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയതോടെ ഖത്തറിനകത്തും പുറത്തും അന്താരാഷ്ട്ര കുടിയേറ്റവുമായി ബന്ധപ്പെട്ട നിരവധിസെമിനാറുകളില്‍ വിഷയം അവതരിപ്പിക്കാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. അതുപോലെ തന്നെ മൈഗ്രേഷനുമായി ബന്ധപ്പെട്ട പഠനം നടത്തുന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ സാധിച്ചതും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സെമിനാര്‍ നടത്താന്‍ സാധിച്ചതും അബ്ദുല്‍ റഊഫിന്റെ പ്രഭാഷണ പരമ്പരയിലെ വേറിട്ട അധ്യായങ്ങളാണ്.

കേരളീയര്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ പദ്ധതികളെക്കുറിച്ചും വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും പ്രഭാഷണം നടത്താന്‍ സാധിക്കുന്നുവെന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല വിശാലമാക്കുന്നു. ഖത്തര്‍ കെഎംസിസിയില്‍ നിന്ന് തുടങ്ങിയ പ്രഭാഷണങ്ങള്‍ ഖത്തറിലെ ഇന്‍കാസ് ,കള്‍ച്ചര്‍ ഫോറം, സംസ്‌കൃതി തുടങ്ങിയ മുഖ്യധാര സംഘടനകള്‍, പ്രാദേശിക സംഘടനകള്‍ തുടങ്ങിയവയിലേക്കും വ്യാപിച്ചു.

പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് അബ്ദുല്‍ റഊഫ് പ്രഭാഷണങ്ങള്‍ തുടങ്ങുന്ന സമയത്ത് പ്രവാസി ക്ഷേമനിധിയില്‍ 86,000 ആളുകളാണ് അംഗങ്ങളായി ഉണ്ടായിരുന്നത് . ഇന്നത് പത്തിരട്ടിയോളം വര്‍ധിക്കാന്‍ ഇടയായതും നോര്‍ക്കയുടെയും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെയും വിവിധ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ സംബന്ധിച്ച് ബോധവാന്മാരാക്കുന്നതിനും പലരേയും ഗുണഭോക്താക്കളാക്കുന്നതിനും സാധിച്ചുവെന്നതില്‍ ഈ പൊതുപ്രവര്‍ത്തകന്റെ പങ്ക് നിസ്സാരമല്ല.

നോര്‍ക്കയേയും ക്ഷേമ പദ്ധതികളേയും ജനകീയമാക്കുന്നതില്‍ നോര്‍ക്ക ഡയറക്ടര്‍മാരായ ജെ.കെ.മേനോന്‍, സി.വി. റപ്പായ്, നോര്‍ക്ക സി ഇ ഓ ഹരികൃഷ്ണന്‍ നമ്പൂതിരി, പൊതുപ്രവര്‍ത്തകരായ എസ് എ. എം ബഷീര്‍ , പി എന്‍ ബാബുരാജന്‍,കെ കെ ഉസ്മാന്‍, എ പി മണികണ്ഠന്‍, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, കെ സി അബ്ദുല്ലത്തീഫ്, വി.എസ്.നാരായണന്‍, അബ്ദുല്‍ മജീദ് പാലക്കാട്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് മുന്‍ അംഗം കെ.കെ.ശങ്കരന്‍, പി എന്‍ ബാബുരാജന്‍,കെ കെ ഉസ്മാന്‍, എ പി മണികണ്ഠന്‍, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, കെ സി അബ്ദുല്ലത്തീഫ്, ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ സുധീര്‍ എലന്തോലി, ഹൈദര്‍ ചുങ്കത്തറ, പ്രവാസി കമ്മീഷന്‍ അംഗം ജാബിര്‍ മാളിയേക്കല്‍, എംഇഎസ് അബ്ദുല്‍ കരീം ,
മനോജ് എബ്രഹാം, മൈന്‍ഡ് ട്യൂണര്‍ സി.എ.റസാഖ്, അഷ്‌റഫ് വടകര, അബ്ദുല്ല പൊയില്‍, ഷമീര്‍ പി എച്ച്, ഫരീദ് തിക്കോടി, വി സി മഷ്ഹൂദ്, അമീന്‍ കൊടിയത്തൂര്‍, സിദ്ദീഖ് ചെറുവല്ലൂര്‍, അഷ്‌റഫ് നന്നംമുക്ക്, കോയ കൊണ്ടോട്ടി, ഈണം മുസ്തഫ മുതലായവരും ദൃശ്യ ശ്രവ്യ അച്ചടി മാധ്യമങ്ങളിലെ പ്രിയ സുഹൃത്തുക്കള്‍ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ പൂര്‍ണപിന്തുണ കൈമുതലാക്കിയാണ് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി തന്റെ പ്രഭാഷണ പരമ്പര തുടരുന്നത്.

കഴിഞ്ഞ ദിവസം നടന്ന അദ്ദേഹത്തിന്റെ ആയിരാമത്തെ പരിപാടി വിവിധ സംഘടന പ്രതിനിധികള്‍ക്കായി സംസ്‌കൃതി ഖത്തര്‍ ഒരുക്കിയ നോര്‍ക്ക ക്ഷേമനിധി ശില്‍പശാലയായിരുന്നു വെന്നതും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

Related Articles

Back to top button
error: Content is protected !!