Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സാമൂഹിക അസമത്വങ്ങള്‍ക്കെതിരെയാണ് ഡോ. കുഞ്ഞാമന്‍ സ്വജീവിതം കൊണ്ട് പൊരുതിയത് – കള്‍ച്ചറല്‍ ഫോറം

ദോഹ: കേരളത്തിന്റെ സാമൂഹികഘടനയെ തകര്‍ക്കുന്ന ജാതി അസമത്വങ്ങള്‍ക്കെതിരെയാണ് ഡോ. കുഞ്ഞാമന്‍ സ്വജീവിതം കൊണ്ട് പൊരുതിയതെന്നും അദ്ദേഹത്തിന്റെ ആത്മകഥ എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല, ഈ പുസ്തകമുയര്‍ത്തുന്ന രാഷ്ട്രീയത്തെയാണ് നാം മുഖവിലക്കെടുത്തു ചര്‍ച്ചചെയ്യേണ്ടതെന്നും കള്‍ച്ചറല്‍ ഫോറം പാലക്കാട് ജില്ലാക്കമ്മറ്റി ഡോ. എം.കുഞ്ഞാമന്റെ ‘എതിര്’ എന്ന പുസ്തകത്തെ മുന്‍ നിര്‍ത്തി സംഘടിപ്പിച്ച ചര്‍ച്ച സദസ്സ് അഭിപ്രായപ്പെട്ടു. ജാതി വിവേചനത്തിന്റെ കൈപ്പുനീരനുഭവങ്ങളിലൂടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ താണ്ടിയാണ് അദ്ദേഹം ഒന്നാം റാങ്കോടുകൂടി സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. അന്തരിച്ച മുന്‍രാഷ്ട്രപതി കെ.ആര്‍ നാരായണന് ശേഷം ഈ വിഷയത്തില്‍ ഒന്നാം റാങ്ക് നേടിയ രണ്ടാമത്തെ ദളിതനായിരുന്നു ഡോ. എം.കുഞ്ഞാമന്‍.കേരളീയ സാമൂഹികഘടയുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ജാതീയതയെ മറികടക്കാന്‍ പിന്നാക്കസംവരണം കാര്യക്ഷമമായി നടപ്പാക്കണമെന്നും സംവരണം ക്രിയാത്മകമായി നടപ്പാക്കുവാനുള്ള അടിസ്ഥാന ഉപാധിയാണ് ജാതി സെന്‍സസ് എന്നും ബിഹാറിലെപ്പോലെ കേരളത്തിലും ജാതിസെന്‍സസ് നടപ്പാക്കുവാനുള്ള ആര്‍ജ്ജവം കേരളസര്‍ക്കാരിനുണ്ടാകണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത അതിഥികള്‍ അഭിപ്രായപ്പെട്ടു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് അനീസ് മാള പുസ്തക ചര്‍ച്ച ഉദ്ഘാടനം ചെയ്തു. അടയാളം ഖത്തര്‍ എക്്‌സിക്യൂട്ടീവ് അംഗം പ്രദോഷ് കുമാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ ഓദേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ, ഷംന ആസ്മി, പ്രമോദ് ശങ്കരന്‍, ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍, മര്‍സൂഖ് തൊയക്കാവ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. കള്‍ച്ചറല്‍ ഫോറം ജില്ലാ പ്രസിഡന്റ് മുഹ്സിന്‍ ഖാലിദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബൂസ് പട്ടാമ്പി സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. ഷാജുദ്ധീന്‍ സമാപനവും നിര്‍വഹിച്ചു.

Related Articles

Back to top button