മുതിര്‍ന്നവരെ വാക്‌സിനെടുക്കാന്‍ കുടുംബം പ്രോത്സാഹിപ്പിക്കണം ഡോ. ഹനാദി അല്‍ ഹമദ്
ദോഹ : വീട്ടിലെ പ്രായം ചെന്നവരെ വാക്‌സിനെടുക്കാന്‍ പ്രോത്സാഹിപ്പിക്കുവാന്‍ കുട്ടികളും കുടുംബത്തിലെ മറ്റംഗങ്ങളും ശ്രദ്ധിക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജി 2012-2022 ന്റെ ഹെല്‍ത്തി ഏജിംഗ് ലീഡ് ഡോ. ഹനാദി അല്‍ ഹമദ് അഭിപ്രായപ്പെട്ടു. പുതിയ കണക്കുകളനുസരിച്ച് എഴുപത് വയസ്സിന് മേല്‍ പ്രായമുള്ള മുപ്പത്തിഞ്ച് ശതമാനത്തിലേറെയാളുകള്‍ ഇനിയും വാക്‌സിനെടുക്കാനുണ്ട്. അറുപത് വയസ്സിന് മുകളിലുള്ള നാല്‍പത് ശതമാനത്തിലേറെയാളുകള്‍ ഇത് വരെയും വാക്‌സിനെടുത്തിട്ടില്ല. ഇത് വളരെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന അവസ്ഥയാണ്. കാരണം ഇത്തരക്കാരില്‍ കോവിഡ് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. അത് കൊണ്ട് പ്രായം ചെന്നവരെ എത്രയും വേഗം വാക്‌സിനെടുപ്പിക്കുവാന്‍ കുടുംബത്തിലെ കുട്ടികളും മറ്റ് ഉത്തരവാദപ്പെട്ടവരും ശ്രദ്ധിക്കണമെന്ന് അവര്‍ ഉദ്‌ബോധിപ്പിച്ചു.