അവിചാരിതമായി സൗണ്ട് എഞ്ചിനീയറായ സലീം ബി.ടി.കെ
ഡോ. അമാനുല്ല വടക്കാങ്ങര
ഖത്തറിലെ ചെറുകിട സാമൂഹ്യ സാസ്‌കാരിക വേദികളിലെ സൗണ്ട് എഞ്ചിനീയറായ സലീം ബി.ടി.കെ തികച്ചും യാദൃശ്ചികമായി ആ മേഖലയിലെത്തിയ കലാകാരനാണ് . പാട്ടും കലകളുമൊക്കെ കുട്ടിക്കാലം മുതലേ സലീമിന്റെ രക്തത്തിലലിഞ്ഞ് ചേര്‍ന്നതുകൊണ്ടാകാം ലഭിച്ച അവസരം പ്രയോജനപ്പെടുത്തി സൗണ്ടുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പഠിച്ചെടുക്കുവാന്‍ ഈ നാദാപുരത്തുകാരന്‍ മിനക്കെട്ടത്. കാല്‍നൂറ്റാണ്ടിലേറെ കാലത്തെ പരിചയ സമ്പത്ത് തന്നെയാണ് ഈ രംഗത്ത് സലീമിന്റെ ഏറ്റവും വലിയ കരുത്ത്.
നാദാപുരം പയന്തോംഗിലെ അശ്വതി കലാവേദിയില്‍ മിമിക്രി ആര്‍ട്ടിസ്റ്റായി നടന്നുകൊണ്ടിരിക്കെയാണ് ഖത്തറിലേക്ക് വിസ വന്നത്. കെ.എം.സി.സി. കലോല്‍സവത്തില്‍ മിമിക്രിക്കും മോണോ ആക്ടിനും സമ്മാനം നേടിയ സലീം മിസ്‌റിലെ രാജന്‍, ലൈല മജ്നു, നക്ഷത്രങ്ങള്‍ കരയാറില്ല തുടങ്ങി പത്തോളം നാടകങ്ങളിലും വേഷമിട്ടു.
ഫോട്ടോഗാഫിയിലും വീഡിയോ ഗ്രാഫിയിലുമുള്ള കമ്പം കലാകാരന്മാരോടും കലയോടും അടുപ്പിച്ചു. ഇടക്കിടക്കൊക്കെ മൈക്ക് ഓപറേറ്ററായും ചില ശ്രമങ്ങളൊക്കെ നടത്തിയിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഈണം ദോഹയുടെ മുസ്തഫ ഒരു പരിപാടിക്ക് സൗണ്ട് ചെയ്യാന്‍ അവസരം നല്‍കിയത്. ആ പരിപാടി വിജയിച്ചതോടെ പിന്നെ ഈണം ദോഹയുടെ എല്ലാ പരിപാടികളുടേയും സ്ഥിരം സൗണ്ട് കൈകാര്യം ചെയ്യാന്‍ അവസരം ലഭിച്ചു. അങ്ങനെ പ്രായോഗിക ജീവിതത്തില്‍ നിന്നും പഠിച്ചെടുത്താണ് സൗണ്ട് കൈകാര്യം ചെയ്യാന്‍ ആത്മവിശ്വാസം നേടിയത്. ഈണം ദോഹയുടെ ഫരീദ് തിക്കോടി, മുസ്തഫ എന്നിവരുമായി ചേര്‍ന്ന് ഒരു ചെറിയ പരിപാടിക്ക് വേണ്ട അത്യാവശ്യം ഉപകരണങ്ങളൊക്കെ വാങ്ങി സൗണ്ട് എഞ്ചിനീയറായി മാറുകയായിരുന്നു.
ഖത്തറില്‍ നിരവധി കലാകാരന്മാര്‍ക്ക് വളരാനുള്ള വേദിയൊരുക്കാനവസരം ലഭിച്ചുവെന്നതാണ് ഇത് കൊണ്ട് ലഭിച്ച ഏറ്റവും വലിയ നേട്ടം. ജീവിതത്തിലെ എല്ലാ ടെന്‍ഷനുകളും മാറ്റി മനസിന് ശാന്തത നല്‍കാനും കലാപരിപാടികള്‍ ഏറെ സഹായിക്കുമെന്നാണ് സലീം കരുതുന്നത്.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള സമാന മനസ്‌കരായ കുടുംബങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സ്നേഹതീരം കൂട്ടായമയുടെ സെക്രട്ടറിയായ സലീം ജനങ്ങളെ സേവിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. വ്യക്തികളിലെ കഴിവുകള്‍ പരിപോഷിപ്പിക്കുവാനും കുട്ടികളെ പ്രോല്‍സാഹിപ്പിക്കുവാനുമൊക്കെ ഉദ്ദേശിച്ച് രൂപീകരിച്ച ഈ കൂട്ടായമ വലിയ സാമൂഹ്യ സേവനങ്ങളാണ് ചെയ്യുന്നത്. കേവലം 5 കുടുംബങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ഈ കൂട്ടായ്മയില്‍ ഇപ്പോള്‍ 74 കുടുംബങ്ങളുണ്ട്. ഈ കൂട്ടായ്മയോടുള്ള താല്‍പര്യത്തിന്റെ ഭാഗമായി സ്വന്തമായി വീട് വെച്ചപ്പോള്‍ സ്നേഹതീരം എന്ന പേരാണ് സലീം വീടിന് നല്‍കിയത്
പ്രവാസ ലോകത്ത് സംഗീതവും കലാപ്രവര്‍ത്തനവും ഏറെ സജീവമായിരുന്നു. കോവിഡ് മഹാമാരികാരണം കുറേയായി ഇത്തരം പരിപാടികലില്ലാത്തതിനാല്‍ വല്ലാത്ത മാനസിക പ്രയാസമാണ്. എത്രയും വേഗം സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലേക്ക് മാറുമെന്നാണ് പ്രതീക്ഷ. പ്രവാസികളുടെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും മാനസികോല്ലാസം നല്‍കി പ്രവര്‍ത്തിപഥത്തില്‍ സജീവമാക്കാനുമൊക്കെ സംഗീത പരിപാടികളും കലാപ്രവര്‍ത്തനങ്ങളും സഹായകമാകുമെന്നാണ് സലീം കരുതുന്നത്.
റസീനയാണ് ഭാര്യ. റിസാന, ശമില്‍, റിസ്‌വാന്‍, ശഹ്സാദ് എന്നിവര്‍ മക്കളാണ്. മക്കളൊക്കെ കായികരംഗത്ത് മികവ് തെളിയിച്ചവരാണ്.