
ഖത്തറില്‍ 16 വയസ്സിന് മീതെയുള്ളവരില്‍ 18.2 ശതമാനവും കോവിഡ് വാക്‌സിനെടുത്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ 16 വയസ്സിന് മീതെയയുള്ളവരില്‍ 18.2 ശതമാനം പേരും ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുത്തതായി പൊതുജനാരോഗ്യ മന്ത്രാലയം. ഓരോ 6 വ്യക്തികളിലും ഒരാള്‍ എന്ന തോതില്‍ വാക്‌സിനെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം 134498 ഡോസ് വാക്‌സിനാണ് നല്‍കിയത്. ഇതോടെ ഖത്തറില്‍ മൊത്തം 594613 ഡോസ് വാക്‌സിനുകള്‍ നല്‍കിയതായി മന്ത്രാലയം വിശദീകരിച്ചു.
പ്രായം ചെന്നവരില്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ കൂടുതല്‍ ഊര്‍ജിതമാവേണ്ടതുണ്ട്. 60 കഴിഞ്ഞവരില്‍ കോവിഡ് സങ്കീര്‍ണതകള്‍ രൂക്ഷമായേക്കുമെന്നതിനാല്‍ എത്രയും വേഗം അത്തരക്കാര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുളള പരിപാടികളാണ് മന്ത്രാലയം ആസൂത്രണം ചെയ്യുന്നത്.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 60 വയസ് കഴിഞ്ഞവരില്‍ 66.8 ശതമാനവും 70 കഴിഞ്ഞവര്‍ 69.4 ശതമാനവും 80 കഴിഞ്ഞ 70 ശതമാനം പേരുമാണ് വാക്‌സിനെടുത്തിട്ടുള്ളത്.
പ്രായം ചെന്നവര്‍ എത്രയയും വേഗം 40277077 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ട് വാക്‌സിനെടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.വീട്ടിലെ മുതിര്‍ന്നവരെ വാക്‌സിനെടുപ്പിക്കുന്നതില്‍ മക്കളും ബന്ധുക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.