ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്ന നടപടികളുമായി മുന്നോട്ടുപോകുവാന്‍ മന്ത്രി സഭ തീരുമാനം
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്ന നടപടികളുമായി മുന്നോട്ടുപോകുവാന്‍ മന്ത്രി സഭ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ദീവാന്‍ അമീരിയില്‍ നടന്ന മന്ത്രി സഭയുടെ പ്രതിവാരയോഗമാണ് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്ന നടപടികളുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചത്.
രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും അവ നേരിടുന്നതിന് സ്വീകരിച്ച നടപടികളും സംബന്ധിച്ച പൊതുജനാരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയുടെ വിശദീകരണത്തെ തുടര്‍ന്നാണ് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്ന നടപടികളുമായി മുന്നോട്ടുപോകുവാന്‍ മന്ത്രി സഭ തീരുമാനിച്ചതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളും ആശുപത്രികളും കേസുകളും കുറയുകയും വാ്‌സിനേഷന്‍ ഊര്‍ജിതമായി മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡ് മഹമാരിയെ കൈകാര്യം ചെയ്യുന്നതിനുളള ദേശീയ സമിതിയുടെ പദ്ധതിയനുസരിച്ച് നിയന്ത്രണങ്ങള്‍ നീക്കി താമസിയാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യ ഘട്ടം മെയ് 28 നും രണ്ടാം ഘട്ടം ജൂണ്‍ 18 നും മൂന്നാം ഘട്ടം ജൂലൈ 9 നും വിജയകരമായി നടപ്പാക്കിയിരുന്നു. ജൂലൈ 12 മുതല്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് സന്ദര്‍ശക വിസകളും ഓണ്‍ അറൈവല്‍ വിസകളുമടക്കം നല്‍കി തുടങ്ങുകയും നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതേ സ്ഥിതി തുടര്‍ന്നാല്‍ ജൂലൈ 30 ഓടെ എല്ലാ നിയന്ത്രണങ്ങളും നീക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.