പൂര്‍വ വിദ്യാര്‍ഥികള്‍ക്കായി 6 മാസത്തെ കായിക മല്‍സരങ്ങളുമായി എം. ഇ. എസ്. അലൂംനി
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. പൂര്‍വ വിദ്യാര്‍ഥികള്‍ക്കായി 6 മാസം നീണ്ടുനില്‍ക്കുന്ന കായിക മല്‍സരങ്ങളുമായി ഖത്തറിലെ ഏറ്റവും വലിയ ഇന്ത്യന്‍ സ്‌ക്കൂളായ എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ അലൂംനി .
ഒക്ടോബര്‍ 8 ന് ആരംഭിക്കുന്ന സിറ്റി എക്‌സ്‌ചേഞ്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റോടെയാണ് പരിപാടികള്‍ ആരംഭിക്കുകയെന്ന് അലുംനി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16 ടീമുകള്‍ മാറ്റുരക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മല്‍സരം 5 ആഴ്ച നീണ്ടുനില്‍ക്കും. നവംബര്‍ 5 നായിരിക്കും കാല്‍പന്തുകളിയുടെ കലാശക്കൊട്ട്.
നവംബര്‍ അവസാനം നടക്കുന്ന ക്രിക്കറ്റ് മല്‍സരം, ഫെബ്രവരിയില്‍ നടക്കുന്ന വോളി ബോള്‍, ത്രോ ബോള്‍, ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഇ സ്‌പോര്‍ട്‌സ് , ബാറ്റ് മിന്റണ്‍ എന്നിവയാണ് ആസൂത്രണം ചെയ്ത പ്രധാന കായിക പരിപാടികള്‍.
എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അലൂംനി പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, ടൂര്‍ണമെന്റ് ചീഫ് നിഹാദ് അലി, വൈസ് പ്രസിഡന്റ് ഫാസില്‍ ഹമീദ്, ടൂര്‍ണമെന്റ്് ടൈറ്റില്‍ സ്‌പോണ്‍സറായ സിറ്റി എക്‌സ്‌ചേഞ്ച് ഓപറേഷന്‍ മാനേജര്‍ ഷാനിബ് ശംസുദ്ധീന്‍, മറ്റു പ്രായോജകരായ തലബാത് ഖത്തര്‍ മാനേജിംഗ് ഡയറക്ടര്‍ ഫ്രാന്‍സിസ്‌കോ മിഗുല്‍ ഡിസൂസ, സാവോയ് ഇന്‍ഷ്യൂറന്‍സ് സി.ഇ. ഒ. ജെറി ബഷീര്‍, തെലങ്കാന ഫുഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ പ്രവീണ്‍ ബുയാനി എന്നിവര്‍ പങ്കെടുത്തു.