ഹെല്‍ത്ത് സെന്ററുകളില്‍ നേരിട്ടുള്ള പരിശോധന 50% മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹെല്‍ത്ത് സെന്ററുകളില്‍ നേരിട്ടുള്ള പരിശോധന 50 ശതമാനമാക്കി ചുരുക്കുവാന്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. അടിയന്തിരമായ കേസുകള്‍ നേരിട്ടും അല്ലത്തവ ഓണ്‍ലൈനിലും പരിഗണിക്കും. എല്ലാ കേന്ദ്രങ്ങളിലും ടെലഫോണ്‍ വഴിയും വീഡിയോ കോള്‍ വഴിയും കണ്‍സല്‍ട്ടേഷനുള്ള സൗകര്യമുണ്ടാകും.
ഫാമിലി മെഡിസിന്‍ , അലൈഡ് ഹെല്‍ത്ത്, സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ എന്നിവ 50% മുഖാമുഖ കണ്‍സള്‍ട്ടേഷനിലും 50% വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനിലും പ്രവര്‍ത്തിക്കും. ഡെന്റല്‍ ജനറല്‍, സ്‌പെഷ്യാലിറ്റി എന്നിവ 50% മുഖാമുഖ കണ്‍സള്‍ട്ടേഷനുകളിലേക്കും ഉചിതമായിടത്ത് വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകളിലേക്കും കുറയ്ക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
വെല്‍ ബേബി ക്‌ളിനിക്ക് 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ സ്മാര്‍ട്ട് നര്‍സിംഗ് അസസ്‌മെന്റ് ക്‌ളിനിക്കുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും.