വ്യത്യസ്ത പരിപാടികളുമായി കള്‍ച്ചറല്‍ ഫോറം ഈദാഘോഷം; വിവിധ ഭാഗങ്ങളില്‍ സൗഹൃദ സംഗമങ്ങള്‍
അമാനുല്ല വടക്കാങ്ങര
ദോഹ:കോവിഡ് സാഹചര്യങ്ങളാല്‍ രണ്ടു വര്‍ഷങ്ങളിലായി നിലച്ചു പോയ പെരുന്നാള്‍ ആഘോഷം വ്യത്യസ്ത പരിപാടികളോടെ കള്‍ച്ചറല്‍ ഫോറം ആഘോഷിക്കും. വിവിധ ഭാഗങ്ങളില്‍ ഈദ് വിഷു ഈസ്റ്റര്‍ സൗഹൃദ സംഗമങ്ങള്‍ നടത്തിയും റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കിടപ്പു രോഗികളോടൊപ്പം പെരുന്നാള്‍ ആഘോഷിച്ചുമാണ് കള്‍ച്ചറല്‍ ഫോറം പെരുന്നാള്‍ ആഘോഷം വ്യത്യസ്തമാക്കുന്നത്.
സൗഹൃദ പ്രവാസത്തിന് കരുത്താവുക എന്ന കാമ്പയിന്റെ ഭാഗമായാണ് കള്‍ച്ചറല്‍ ഫോറത്തിന്റെ ജില്ലാ-മണ്ഡലം തലങ്ങളില്‍ കേന്ദ്രീകരിച്ച് വിഷു ഈസ്റ്റര്‍ ഈദ് സൗഹൃദ സംഗമങ്ങള്‍ നടക്കുക .ആഘോഷങ്ങള്‍ പോലും വെറുപ്പും ഹിംസയും വളര്‍ത്തുന്നതിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന സവിശേഷ സാഹചര്യത്തില്‍ പരസ്പരം കൂട്ടിയിരിക്കലിന്റെയും പങ്ക് വെക്കലിന്റെയും വേദികള്‍ ആയാണ് സൗഹൃദ സംഗമങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് . സാംസ്‌കാരിക -സാമൂഹിക -മത സംഘടനകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും നേതാക്കളും പ്രവര്‍ത്തകരും സംഗമങ്ങളില്‍ പങ്കെടുക്കും . മെയ് ഒന്ന് മുതല്‍ പതിനഞ്ചു വരെയാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടി നടക്കുക .
ഖത്തര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ സ്‌ട്രോക്ക് വാര്‍ഡിലെ കിടപ്പു രോഗികളായ സഹോദരങ്ങളോടൊപ്പമാണ് കള്‍ച്ചറല്‍ ഫോറം കമ്യൂണിറ്റി സര്‍വീസ് വിംഗ് പെരുന്നാള്‍ ആഘോഷിക്കുന്നത്.ആഘോഷത്തോടനുബന്ധിച്ച് രോഗികള്‍ക്ക് മധുരപലഹാരങ്ങളും പെരുന്നാള്‍ ഉപഹാരങ്ങളും കൈമാറും. ഖത്തര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ അധികൃതരും കേസ് മാനേജര്‍മാരും കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരോടൊപ്പം ഈദാഘോഷത്തില്‍ പങ്കുചേരും.കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, കള്‍ച്ചറല്‍ ഫോറം കമ്യൂണിറ്റി സര്‍വീസ് ഹോസ്പിറ്റല്‍ വിസിറ്റിംഗ് കോഡിനേറ്റര്‍ സുനീര്‍,നിസ്താര്‍ എറണാകുളം, സൈനുദ്ദീന്‍ നാദാപുരം,ശിഹാബ് വലിയകത്ത്,ഷഫീഖ് ആലപ്പുഴ,റസാഖ്,സഫ്വാന്‍ നിസാര്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുക്കും.
കൂടാതെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള മത്സ്യത്തൊഴിലാളികളോടൊപ്പം കള്‍ച്ചറല്‍ ഫോറം ആഭിമുഖ്യത്തില്‍ ഈദ് വിഷു ഈസ്റ്റര്‍ ആഘോഷവും സംഘടിപ്പിക്കുന്നുണ്ട് .