Archived Articles

യൂത്ത് ഫോറം ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: നമുക്ക് മുന്‍വിധികള്‍ ഒഴിവാക്കാം എന്ന പ്രമേയത്തില്‍ യൂത്ത് ഫോറം ഖത്തര്‍ നടത്തുന്ന ക്യാമ്പയിനോട് അനുബന്ധിച്ച് ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. മന്‍സൂറയിലെ സി.ഐ.സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ യൂത്ത് ഫോറം പ്രസിഡന്റ് എസ്. എസ്. മുസ്തഫ സൗഹൃദ സന്ദേശം നല്‍കി. ദൈവത്തിന്റെ ഉറ്റതോഴനായിരിക്കുമ്പോഴും സമൂഹത്തിന്റെ നന്മക്കായി ജീവിതം സമര്‍പ്പിച്ച ഇബ്രാഹിം നബിയുടെ ജീവിതം ഏവരും മാതൃകയാക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വ്യത്യസ്തങ്ങളായ ജീവിത പശ്ചാത്തലത്തില്‍ നിന്നും സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും പ്രവാസ ലോകത്ത് എത്തിച്ചേരുന്ന യുവാക്കളില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി കഴിഞ്ഞ പത്തു വര്‍ഷമായി യൂത്ത് ഫോറം ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്ലം ഈരാറ്റുപേട്ട കാമ്പയിന്‍ പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. മനുഷ്യര്‍ക്കിടയില്‍ വിദ്വേഷവും അകല്‍ച്ചയും ഉണ്ടാക്കുന്ന സ്രോതസ്സുകളെ അകറ്റി നിര്‍ത്തുവാനും അപരവിദ്വേഷവും അകല്‍ച്ചയുമുണ്ടാക്കുന്ന പ്രവണതകളെ പരാജയപ്പെടുത്തുവാനും യുവാക്കള്‍ കടന്ന് വരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മതങ്ങളും മതാഘോഷങ്ങളും പ്രസരിപ്പിക്കുന്ന സൗഹൃദ അന്തരീക്ഷം കാത്ത് സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരി തിരുവനന്തപുരം, രമിത്ത് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി അബ്സല്‍ അബ്ദുട്ടി സ്വാഗതവും കണ്‍വീനര്‍ നബീല്‍ കെ.സി സമാപന പ്രഭാഷണവും നിര്‍വഹിച്ചു. സംഗമത്തില്‍ എത്തിച്ചേര്‍ന്നവര്‍ക്ക് പ്രോഗ്രാം കോഡിനേറ്റര്‍മാരായ ഹബീബ് റഹ്മാന്‍, ആദില്‍ ഒ.പി എന്നിവര്‍ യൂത്ത് ഫോറം ഉപഹാരം വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!