ഗാന്ധിജിയെ കൊന്നത് ഗോഡ്സെയാണെന്ന സത്യം മറക്കാന്‍ ശ്രമിക്കുന്ന ഗൂഢനീക്കം അപകടകരം: ശിഹാബുദ്ദീന്‍ പൊയ്തുംകടവ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവെച്ചുകൊന്നത് നാഥുറാം ഗോഡ്സെയാണെന്ന സത്യം പറയാന്‍ പാടില്ലെന്ന തരത്തില്‍ ഗൂഢനീക്കങ്ങളുണ്ടാവുന്നത് അപകടകരമാണെന്നും ഗതകാല ഓര്‍മ്മകളെ ഇല്ലാതാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്നും പ്രമുഖ എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ ശിഹാബുദ്ദീന്‍ പൊയ്തുംകടവ്. കോവിക്കോട് വില്ല്യാപ്പള്ളിക്കടുത്ത പൊന്മേരിപറമ്പില്‍ സ്വദേശിനിയും അധ്യാപികയും ഖത്തര്‍ പ്രവാസിയുമായ നജ്മ ഇബ്രാഹിം എഴുതി, ഗ്രെയ്സ് ബുക്സ് പ്രസിദ്ധീകരിച്ച ‘വൈക്കിലിശ്ശേരി വഴികള്‍’ എന്ന ഓര്‍മ്മപുസ്തകം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ദേശത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് മുന്നോട്ടുള്ള പ്രയാണത്തിനുള്ള പ്രേരകശക്തികളിലൊന്ന്. അതിനാല്‍ പരസ്പരം എല്ലാം പങ്കുവെച്ച് ജീവിച്ച കാലവും നാട്ടുവഴികളും ഗ്രാമീണ പ്രകൃതിയും ജീവജാലങ്ങളുമെല്ലാം പരിചയപ്പെടുത്തുന്ന രചനകള്‍ കൂടുതല്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ എം.എല്‍.എയും ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാനുമായ പാറക്കല്‍ അബ്ദുല്ല ആദ്യപ്രതി ഏറ്റുവാങ്ങി. ഗ്രെയ്സ് എഡ്യുക്കേഷണല്‍ അസോസിയേഷന്‍ ജനറല്‍സെക്രട്ടറി സയ്യിദ് അബ്ദുല്‍അഷ്റഫ് അധ്യക്ഷത വഹിച്ചു. ചിത്രകാരന്‍ സാലിഹ് പാലത്തിനെ കാലിക്കറ്റ് സര്‍വ്വകലാശാലാ സി.എച്ഛ് മുഹമ്മദ് കോയാ ചെയര്‍ ഡയരക്ടര്‍ ഖാദര്‍ പാലാഴി ആദരിച്ചു. മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരുമായ അഞ്ജന ശശി, പി.എം ജയന്‍, വി.കെ ജാബിര്‍ സംസാരിച്ചു.
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ഒപ്പം പദ്ധതിയുടെ ഭാഗമായി എഴുത്തുകാരിക്കുള്ള ഉപഹാരം പാറക്കല്‍ അബ്ദുല്ലയും ശിഹാബുദ്ദീന്‍ പൊയ്തുംകടവിനുള്ള ഉപഹാരം ഇബ്രാഹിം മാസ്റ്റര്‍ കക്കുന്നത്തും കൈമാറി. യു.എ.ഇ ആസ്ഥാനമായ അല്‍മദീന ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ അബ്ദുല്ല പൊയിലിനുള്ള ഉപഹാരം അല്‍മദീന ഗ്രൂപ്പിന്റെ സഊദി-ഖത്തര്‍ റീജ്യണല്‍ ഡയരക്ടര്‍ ജുറൈജ് ഇത്തിലോട്ട് സയ്യിദ് അബ്ദുല്‍അഷ്റഫില്‍ നിന്ന് ഏറ്റുവാങ്ങി.
പ്രഫ. പി.കെ അബ്ദുല്‍ഖാദര്‍, ഡോ.പി.കെ അബ്ദുര്‍റഹിമാന്‍, സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ കെ.സൈനുല്‍ആബിദീന്‍ ആശംസകള്‍ നേര്‍ന്നു. തിരുവള്ളൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.അബ്ദുര്‍റഹിമാന്‍ മാസ്റ്റര്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സി.എച്ഛ് മൊയ്തുമാസ്റ്റര്‍ സംബന്ധിച്ചു. ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്ററും ഗ്രെയ്സ് ബുക്സ് അസോസിയേറ്റ് അംഗവുമായ അശ്റഫ് തൂണേരി സ്വാഗതവും ഗ്രന്ഥകാരി നജ്മ ഇബ്രാഹിം നന്ദിയും പറഞ്ഞു. കവയിത്രി ഫാത്തിമ ഫസീല അവതാരകയായിരുന്നു.