അല്‍ ഫുര്‍ജാന്‍ പാര്‍ക്കുകളുടെ 85 ശതമാനം നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റി, മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെ, ഖത്തറിലെ വിവിധ പ്രദേശങ്ങളിലെ അല്‍ ഫുര്‍ജാന്‍ പാര്‍ക്കുകളിലെ 85% നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മുനിസിപ്പാലിറ്റികളിലായി വിവിധ വിനോദ-കായിക സൗകര്യങ്ങള്‍ അടങ്ങിയ 123,048 ചരുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അണിയിച്ചൊരുക്കുന്ന 14 പാര്‍ക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികളില്‍, പ്രത്യേകിച്ച് പാര്‍ക്കുകളും ഹരിത ഇടങ്ങളും ഇല്ലാത്ത പ്രദേശങ്ങളില്‍ അല്‍ ഫുര്‍ജാന്‍ പാര്‍ക്കുകള്‍ നിര്‍മിക്കാനാണ് മുനിസിപ്പാലിറ്റി മന്ത്രാലയം താല്‍പ്പര്യപ്പെടുന്നത്. ഇത് ഓരോ പ്രദേശത്തേയും താമസക്കാരുടെ ആരോഗ്യത്തെയും സുരക്ഷയെയും ഗുണപരമായി പ്രതിഫലിപ്പിക്കുമെന്നാണ് മന്ത്രാലയം കരുതുന്നത്.
പരിസ്ഥിതി സംരക്ഷിക്കുന്നതിനും താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും എല്ലാ തലമുറകള്‍ക്കും സുസ്ഥിരമായ പാരിസ്ഥിതിക വികസനം കൈവരിക്കുന്നതിനുമുള്ള കമ്മിറ്റിയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് അല്‍ ഫുര്‍ജാന്‍ പാര്‍ക്കുകള്‍ നടപ്പിലാക്കുന്നത്. മാത്രമല്ല, റെസിഡന്‍ഷ്യല്‍ അയല്‍പക്കങ്ങളുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി തുറന്ന ഹരിത ഇടങ്ങള്‍ നല്‍കിക്കൊണ്ട് പ്രാദേശിക കമ്മ്യൂണിറ്റികളെ പിന്തുണക്കാനും ഇതിലൂടെ മന്ത്രാലയം ലക്ഷ്യം വെക്കുന്നു.