പ്രവാചകചര്യ ശാശ്വത രക്ഷാമാര്‍ഗം: ക്യു.കെ.ഐ.സി
അമാനുല്ല വടക്കാങ്ങര
ദോഹ: പ്രയാസകരമായ ജീവിതാനുഭവങ്ങളില്‍ സുരക്ഷാ ബോധം പകരുന്ന കവചമാണ് തിരുനബിയുടെ ജീവിതചര്യയെ ന്നും പ്രവാചകന്റെ ഇഹലോകത്ത് നിന്നുള്ള വേര്‍പാടിനെ വിശ്വാസികള്‍ ഏറ്റവും വലിയ വിപത്തായി കാണുന്നുവെന്നും ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച വിജ്ഞാന വിരുന്ന് അഭിപ്രായപ്പെട്ടു.
മനുഷ്യന്റെ ശാശ്വത ജീവിതം പരലോകമാണെന്നാണ് ലോകാനുഗ്രഹിയായ പ്രവാചകന്‍ പഠിപ്പിച്ചതെന്നും അവിടെ വിജയിക്കാനവശ്യമായ മുഴുവന്‍ കാര്യങ്ങളും നമ്മെ പഠിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങിയതെന്നും ‘പ്രവാചക സ്‌നേഹം തെറ്റും ശരിയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ ഉമര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും ഒരു ദിവസം പ്രവാചകനെ അനുസ്മരിക്കുക എന്നതിലുപരി ഒരോ നിമിഷവും അദ്ദേഹത്തെ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുകയെന്നതാണ് യഥാര്‍ത്ഥ പ്രവാചക സ്‌നേഹമെന്നും അദ്ദേഹം ഉണര്‍ത്തി.
പുതുതലമുറയുടെ വീഡിയോ ഗെയിമുകളോടുള്ള അഭിനിവേശം അവരെ വലിയ അപകടങ്ങളിലേക്കാനെത്തിക്കുന്നതെന്നും, സമാധാന അന്തരീക്ഷം പകര്‍ന്നിരുന്ന വീടകങ്ങള്‍ ഗെയിമുകളോടുള്ള അടിമത്വത്തിലൂടെ പ്രയാസകരമായ സാഹചര്യങ്ങളിലേക്ക് നയിക്കപ്പെടുന്നുവെന്നും ‘വിനാശം വിതക്കുന്ന ഗെയിമുകള്‍’ എന്ന വിഷയത്തില്‍ സംസാരിച്ച റഫീഖ് സലഫി ചൂണ്ടിക്കാട്ടി
ക്യു.കെ. ഐ.സി പ്രസിഡന്റ് മുജീബ്‌റഹ്‌മാന്‍ മിശ്കാത്തി അധ്യക്ഷത വഹിച്ച പരിപാടിയില്‍ അബ്ദുല്‍ കഹാര്‍ സ്വാഗതവും, മുഹമ്മദലി മൂടാടി നന്ദിയും പറഞ്ഞു. ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന ദാനത്തിനു കെ.ടി.ഫൈസല്‍ സലഫി നേതൃത്വം നല്‍കി