ഖത്തറില്‍ ഞായറാഴ്ച വരെ ദൃശ്യപരത മോശമാകും, വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ പല ഭാഗങ്ങളിലും രാത്രിയിലും അതിരാവിലെയും മൂടല്‍മഞ്ഞുണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വരെ ദൃശ്യപരത മോശമാകാമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വാഹനമോടിക്കുന്നവര്‍ പ്രത്യേകംം ജാഗ്രത പാലിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 26 ന് ആരംഭിച്ച ഈ കാലാവസ്ഥ ഒക്ടോബര്‍ 30 ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ തിരശ്ചീന ദൃശ്യപരത ( ഹൊറിസോണ്ടല്‍ വിസിബിലിറ്റി ) 2 കിലോമീറ്ററില്‍ താഴെയായി കുറയാം.
അതേസമയം, പകല്‍സമയത്ത് വാരാന്ത്യത്തിലെ കാലാവസ്ഥ താരതമ്യേന ചൂടുള്ളതായിരിക്കും. ഈ കാലയളവിലെ കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളി, ശനി ദിവസങ്ങളില്‍ വേലിയേറ്റം 1-3 അടി വരെ ആയിരിക്കും.